അഹമ്മദാബാദ്: ഗുജറാത്തിൽ കൊവിഡ് വ്യാപനം തടയാൻ കർഫ്യൂവോ ലോക്ഡൗണോ വേണമെന്ന് ഹൈക്കോടതി. മൂന്നോ നാലോ ദിവസത്തേക്കു കർഫ്യൂവോ ലോക്ക് ഡൗണോ ഏർപ്പെടുത്താൻ സ്വമേധയാ എടുത്ത കേസിൽ കോടതി നിർദേശിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിവിട്ട അവസ്ഥയിലേക്കു പോവുകയാണെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു. സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ആളുകൾ കൂട്ടംകൂടുന്നത് വിലക്കിയേ പറ്റൂ.
എല്ലാത്തരത്തിലുള്ള ആൾക്കൂട്ടങ്ങളും, രാഷ്ട്രീയ യോഗങ്ങൾ ഉൾപ്പെടെ നിയന്ത്രിക്കുകയോ നിർത്തുകയോ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അടിയന്തര നടപടി ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം കൊവിഡ് നിയന്ത്രണാതീതമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു. മൂന്നോ നാലോ ദിവസത്തേക്ക് അടച്ചിടൽ പരിഗണിക്കണം.
ഏതാനും നഗരങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിശാ നിയന്ത്രണം കൊവിഡ് വ്യാപനം തടയാൻ പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി. മൂന്നോ നാലോ ദിവസത്തിനു ശേഷം മുഴുവൻ സമയവും തുറന്നുവയ്ക്കാമല്ലോ. ഇപ്പോൾ ഇതു ഗുണം ചെയ്യും.