സൂയസ് കനാലില്‍ ഗതാഗതം മുടക്കിയ ചരക്കുകപ്പല്‍ വലിച്ചു നീക്കാന്‍ തീവ്രശ്രമം നടക്കുന്നു`. ഇന്ന് രാത്രിയോടെ കപ്പല്‍ വലിച്ചുനീക്കാന്‍ സാധിക്കുമെന്ന് സൂയസ് കനാല്‍ അതോറിറ്റി മേധാവി ഒസാമ റാബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വേലിയേറ്റ സമയം പ്രയോജനപ്പെടുത്തി കപ്പല്‍ വലിച്ചുനീക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറയുകയുണ്ടായി.
ഭീമന് കപ്പല്‍ നിര്‍ണായക ജലപാതയെ തടഞ്ഞതിന് പിന്നില്‍ ശക്തമായ കാറ്റും, കാലാവസ്ഥാ ഘടകങ്ങളും മാത്രമാണെന്ന് പറയാന്‍ കഴിയില്ല.സാങ്കേതികമോ മാനുഷികമോ ആയ പിഴവുകള്‍ ഉണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി.ഗതാഗതം മുടങ്ങിയതോടെ മുന്നൂറിലധികം ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്തുകിടക്കുന്നത്.
ജപ്പാനിലെ എവര്‍ഗ്രീന്‍ മറീന്‍ കമ്ബനിയുടെ 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള എവര്‍ ഗിവണ്‍ കപ്പല്‍ ചൊവ്വാഴ്ച രാവിലെയാണു കനാലില്‍ കുടുങ്ങിയത്. പ്രതികൂല കാലവസ്ഥയാണ് ഇതിന് പിന്നിലെന്നായിരുന്നു ആദ്യം അധികൃതര്‍ പറഞ്ഞിരുന്നത്.
അതേസമയം, ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയാണ് സൂയസ് കനാല്‍. ഇവിടെ എവര്‍ ഗിവണ്‍ എന്ന ഭീമന് ചരക്കുകപ്പല്‍ കുടുങ്ങിയതോടെയാണ് ഇതുവഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത്. സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയ്നറുകളില്‍ 30 ശതമാനവും കടന്നു പോകുന്നത് സൂയസിലൂടെയാണ്. ലോകത്തില്‍ ആകെ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളില്‍ 12 ശതമാനവും ഈ കനാലിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനെ തുടര്‍ന്ന് സൂയസ് കനാലിലെ ഗതാഗത തടസം ഇന്ത്യന്‍ വ്യാപാരമേഖലയെ ബാധിച്ചു തുടങ്ങിതായി വ്യാപാര സംഘടനകള്‍ ഇന്നലെ പറഞ്ഞിരുന്നു. സൂയസ് പ്രശ്നത്തെ തുടര്‍ന്ന് ബാരലിന് 64 ഡോളറിനു മുകളിലേക്കു കയറിയ ക്രൂഡ് ഓയില്‍ വില ഇന്നലെ 61 ഡോളറിലേക്കു താണിരുന്നു.
എന്നാല്‍ കനാല്‍ ഉടനെ തുറക്കില്ലെന്നായതോടെ വില 62.64 ഡോളറിലേക്കുയര്‍ന്നു. ഇത് ഇന്ത്യയില്‍ എണ്ണവില ഉയരാന്‍ ഇടയാക്കിയേക്കും എന്നും വ്യാപാരികള്‍ പറഞ്ഞിരുന്നു.
അതേസമയം തന്നെ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ദക്ഷിണാഫ്രിക്ക എന്ന സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത തുണികള്‍, മരുന്നുകള്‍, ഫര്‍ണിച്ചറുകള്‍, യന്ത്രസാമഗ്രഹികള്‍, ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍ എന്നിവ ഗതാഗത കൂരുക്കില്‍പെട്ടു കിടക്കുകയാണ്. 10 മുതല്‍ 15 ദിവസവരെ ഈ തടസം തുടരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അത് ഇന്ത്യന്‍ വ്യാപാരമേഖലയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വന്നത്. കൂടാതെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും ഇത്തരത്തില്‍ പെട്ടുകിടക്കുന്നതിനാല്‍ വിലകയറ്റത്തിന് ഇടയാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയാണ്. ആഗോള ചരക്കുനീക്കത്തിന്റെ 12 ശതമാനവും ക്രൂഡ് ഓയില്‍ വിതരണത്തിന്റെ 4.4 ശതമാനവും ഇതു വഴിയാണ്.