Friday, April 16, 2021
Home KERALAM ആശങ്കകൾ കൂട്ടി കെ-ഫോൺ…. നേട്ടമാകുന്നത് സ്വകാര്യ കമ്പനികൾക്കെന്ന് സൂചന

ആശങ്കകൾ കൂട്ടി കെ-ഫോൺ…. നേട്ടമാകുന്നത് സ്വകാര്യ കമ്പനികൾക്കെന്ന് സൂചന

കോഴിക്കോട്: കേരളത്തിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി വിപ്ലവം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ-ഫോൺ പദ്ധതി കേരള ഇലക്ട്രിസിറ്റി ബോർഡിനെ തകർക്കുമോ? വൈദ്യുതി ബോർഡിലെ ഒരു വിഭാഗം എൻജിനീയർമാരാണ് ഈ ആശങ്ക മുന്നോട്ടു വയ്ക്കുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെയും കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയും ആരംഭിക്കുന്ന കെ-ഫോൺ പദ്ധതിക്കു നിയമസാധുതയില്ലെന്നു മാത്രമല്ല, അശാസ്ത്രീയവും അന്യായവുമായ കരാർ വ്യവസ്ഥകൾ വഴി കെഎസ്ഇബിയുടെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുമെന്നുമാണു കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷന്റെ ആരോപണം.

സർക്കാർ ഇപ്പോൾ അവകാശപ്പെടുന്ന ഗുണങ്ങളൊന്നും കെ-ഫോൺ വഴി ഇന്റർനെറ്റ് ഉപയോക്താക്കൾക്കോ കെഎസ്ഇബി വരിക്കാർക്കോ കിട്ടാനിടയില്ലെന്നും, സ്വകാര്യ മൊബൈൽ കമ്പനികൾക്കു കൂടുതൽ ലാഭം കൊയ്യാൻ അവസരമൊരുക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും അസോസിയേഷൻ പറയുന്നു. കെഎസ്ഇബിയുടെ പോസ്റ്റുകൾ ഉപയോഗപ്പെടുത്തി ഇപ്പോൾ മറ്റു സ്വകാര്യ കമ്പനികൾ നൽകുന്ന സേവനങ്ങളെല്ലാം കെ-ഫോണിന്റെ വരവോടെ ഇല്ലാതാകുമെന്ന വാദവും ഉന്നയിക്കപ്പെടുന്നുണ്ട്. കെ-ഫോണിന്റെ പേരിൽ കെഎസ്ഇബിയുടെ സൗകര്യങ്ങളും സംവിധാനങ്ങളും സ്വകാര്യ കമ്പനികൾക്കു കൈമാറുന്നതിനെതിരെ അസോസിയേഷൻ നൽകിയ പരാതി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പരിഗണനയിലാണ്. കമ്മിഷന്റെ അനുമതിയില്ലാതെ കെ- ഫോണിന്റെ തുടർനടപടികൾ പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുന്നുമുണ്ട്.

സംസ്ഥാനത്തു നഗര, ഗ്രാമ ഭേദമില്ലാതെ മിതമായ നിരക്കിൽ അതിവേഗ ബ്രോഡ് ബാൻഡ് കണക്ഷൻ ലഭ്യമാക്കുകയും, 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായി കണക്റ്റിവിറ്റി നൽകുകയുമാണു കെ-ഫോണിന്റെ അടിസ്ഥാനലക്ഷ്യമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു വേണ്ടി 35,000 കിലോമീറ്റർ നീളത്തിൽ ഒപ്റ്റിക് ഫൈബർ കേബിൾ (ഒഎഫ്‌സി) സ്ഥാപിക്കും. കേബിളിന്റെ വാർഷിക പരിപാലന കരാറിനുൾപ്പെടെ (ആനുവൽ മെയിന്റനൻസ് കോൺട്രാക്റ്റ്) ആകെ ചെലവ് കണക്കാക്കുന്നത് 1528 കോടിയോളം രൂപ. സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (കെഎസ്‌ഐടിഐഎൽ) കെഎസ്ഇബിയും ചേർന്ന ജോയിന്റ് വെഞ്ച്വർ കമ്പനിയായാണു കെ-ഫോണിന്റെ രൂപീകരണം. 49% വീതം ഓഹരികൾ കെഎസ്‌ഐടിഐഎല്ലിനും കെഎസ്ഇബിക്കും, രണ്ടു ശതമാനം ഓഹരി സംസ്ഥാന സർക്കാരിനും എന്നതാണു ഘടന. ചെലവിന്റെ 70 ശതമാനം കിഫ്ബിയിൽ നിന്നുള്ള വായ്പയാണ്.

കെഎസ്ഇബി എൻജിനീയേഴ്‌സ് അസോസിയേഷന്റെ ആശങ്കകൾ:

* കെ – ഫോണും കെഎസ്ഇബിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം, കെഎസ്ഇബിയുടെ എല്ലാ സബ് സ്റ്റേഷനുകളിലും കെ-ഫോണിനു സൗകര്യങ്ങൾ സൗജന്യമായി ഏർപ്പെടുത്തിക്കൊടുക്കണം.

* കെഎസ്ഇബിയുടെ പോസ്റ്റുകൾ ഉപയോഗിക്കുന്നതിനു കെ-ഫോൺ നൽകുന്ന വാടക ഇപ്പോൾ നിലവിലുള്ള നിരക്കിൽ ആയിരിക്കും. കെ-ഫോണിനു വേണ്ടി എടുക്കുന്ന വായ്പകളുടെ തിരിച്ചടവിനായിരിക്കും കെ-ഫോണിൽ നിന്നുള്ള വരുമാനം ആദ്യഘട്ടങ്ങളിൽ ഉപയോഗിക്കുക. വായ്പകൾ തിരിച്ചടച്ച ശേഷമേ പോസ്റ്റ് വാടക ഉൾപ്പെടെ കെഎസ്ഇബിക്കു കിട്ടേണ്ട വരുമാനം കിട്ടിത്തുടങ്ങൂ.

* കരാർ പ്രകാരം, ഒപ്റ്റിക് ഫൈബർ കേബിളുകൾ ഉപയോഗിക്കുന്നതു സംബന്ധിച്ചു കെഎസ്ഇബി മറ്റു കമ്പനികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകളൊന്നും പുതുക്കാൻ പാടില്ല. നിലവിലുള്ള കരാറുകൾ കാലാവധി പൂർത്തിയാവുന്നതോടെ റദ്ദാവും.

* കെ-ഫോണിനു വേണ്ടി കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെ സ്ഥാപിക്കുന്ന ഒപ്റ്റിക് ഫൈബർ കേബിളുകളിൽ രണ്ടു ജോഡി (നാലു കോർ) മാത്രമേ കെഎസ്ഇബിക്കു സൗജന്യമായി ഉപയോഗിക്കാനാവൂ.

* കെഎസ്ഇബിയുടെ നിലവിലുള്ള 52,173 കിലോമീറ്റർ ലൈനുകൾ കെ-ഫോണിനു നിരുപാധികം സൗജന്യമായി ഉപയോഗപ്പെടുത്താം.

*കേന്ദ്ര സഹായത്തോടെയുള്ള ട്രാൻസ്ഗ്രിഡ് പ്രോജക്ടിനു വേണ്ടി കെഎസ്ഇബി സ്ഥാപിച്ച ഒപ്റ്റിക്കൽ ഫൈബർ ലൈനുകളിൽ ബാക്കിയുള്ള 24 ലൈനുകളും തികച്ചും സൗജന്യമായി കെ-ഫോണിനു നൽകേണ്ടതാണ്.

* കേബിളുകളും പോസ്റ്റുകളും ഉപയോഗിക്കാൻ മറ്റു കമ്പനികൾക്ക് അനുമതി കൊടുത്തതിലൂടെ കെഎസ്ഇബിക്കു നിലവിൽ പ്രതിവർഷം 40 കോടിയോളം രൂപ വരുമാനമുണ്ട്. കെ-ഫോൺ പദ്ധതി തുടങ്ങുന്നതോടെ ആ വരുമാനം നിലയ്ക്കും.

എൻജിനീയേഴ്‌സ് അസോസിയേഷന്റെ പരാതിയിൽ റെഗുലേറ്ററി കമ്മിഷൻ 2020 ഏപ്രിൽ 27നു പുറപ്പെടുവിച്ച ഉത്തരവിൽ നിന്ന്:

*കെഎസ്ഇബിയുടെ പ്രസരണ, വിതരണ സൗകര്യങ്ങൾ കെ-ഫോൺ എന്ന ജോയിന്റ് വെഞ്ച്വർ കമ്പനിയുമായി പങ്കു വയ്ക്കുന്നതിനു മുൻപായി കമ്മിഷന്റെ ഔപചാരികമായ അനുമതി വാങ്ങിയിരിക്കണം.

  • കമ്മിഷന്റെ ഔപചാരികമായ അനുമതി കിട്ടിയ ശേഷം മാത്രമേ കെഎസ്ഇബിയും കെഫോൺ കമ്പനിയും തമ്മിൽ കരാർ ഒപ്പുവയ്ക്കാവൂ.

ഈ ഉത്തരവ് നിലനിൽക്കെയാണ് കമ്മിഷന്റെ അനുമതി വാങ്ങേണ്ടതില്ലെന്ന് അവകാശപ്പെട്ട് കെ- ഫോണിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തിയത്. (സത്യത്തിൽ, ഫെബ്രുവരി 15നു നടന്ന ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 1000 സർക്കാർ ഓഫിസുകൾക്ക് കണക്റ്റിവിറ്റി നൽകിയത് കെ-ഫോണല്ല, സ്വകാര്യ കമ്പനിയിൽ നിന്ന് തൽക്കാലത്തേക്ക് 1000 കണക്ഷൻ ഏർപ്പാടാക്കുകയായിരുന്നു).

കെ-ഫോൺ ഒരു ഫോൺ കമ്പനിയല്ല!

കെ-ഫോൺ ഒരു ഡേറ്റാ പ്രൊവൈഡിങ് കമ്പനിയാണെന്നും, അത് കേരളത്തിൽ സൗജന്യ നിരക്കിൽ കണക്റ്റിവിറ്റി സേവനം നൽകുമെന്നും പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. സത്യത്തിൽ, ഈ ആവശ്യത്തിനായി രൂപീകരിച്ചിട്ടുള്ളതും സംസ്ഥാന സർക്കാരിനു രണ്ടു ശതമാനം മാത്രം ഓഹരിയുള്ളതുമായ സ്പെഷൽ പർപസ് വെഹിക്കിൾ (എസ്പിവി) മാത്രമാണ് കെ-ഫോൺ. ഡേറ്റ വിതരണം ചെയ്യാനുള്ള സംവിധാനമോ ലൈസൻസോ കെ-ഫോണിനില്ല. കെഎസ്ഇബിയുടെ ലൈനുകളും പോസ്റ്റുകളും ഉപയോഗിച്ച് നിശ്ചിത ദൂരത്തിൽ ഒപ്റ്റിക് ഫൈബർ കേബിളുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ, ഡേറ്റ വിതരണത്തിനു വേണ്ടി രാജ്യത്തെ സ്വകാര്യ സേവന ദാതാക്കൾക്ക് ടെൻഡർ വഴി ആ കേബിളുകൾ ഏൽപിച്ചു കൊടുക്കുകയാണു ചെയ്യുക.

നിലവിലെ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന് ആ കരാർ ലഭിക്കാൻ സാധ്യതയോ അതിനു വേണ്ട സൗകര്യങ്ങളോ ഇല്ല. നിലവിലുള്ള സ്വകാര്യ സേവന ദാതാക്കളിലെ പ്രമുഖ കമ്പനികൾക്കാവും കരാർ ലഭിക്കുകയെന്നു വ്യക്തം. കരാർ ലഭിക്കുന്നതോടെ, കേരളത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖല ആ കമ്പനിയുടെ കൈപ്പിടിയിലാവും (സംസ്ഥാനത്തെ എല്ലാ വീടുകളിലും കെട്ടിടങ്ങളിലും നേരിട്ട് എത്താനുള്ള സംവിധാനം- End mile connectivity- നിലവിൽ കേരളത്തിൽ കെഎസ്ഇബിക്കു മാത്രമാണുള്ളത്. രാജ്യത്തെ ഒരു സ്വകാര്യ കമ്പനിക്കും നിലവിൽ അതിന്റെ നൂറിലൊന്നു പോലും വിതരണ ശൃംഖലയില്ല). കെ-ഫോൺ കരാർ ലഭിക്കുന്ന കമ്പനിക്ക് ഫലത്തിൽ കേരളത്തിലെ കേബിൾ ശൃംഖലയുടെ കുത്തകാധികാരം ലഭിക്കുകയാണു ചെയ്യുക.

നിലവിൽ കെഎസ്ഇബിയുടെ സംവിധാനങ്ങൾ ഉപയോഗിച്ചു സേവനങ്ങൾ നൽകുന്ന മറ്റു ദാതാക്കൾക്ക് തുടർന്ന് അവ ഉപയോഗിക്കാനുമാവില്ല. കേരളത്തെ വിവിധ മേഖലകളാക്കിത്തിരിച്ചു വിവിധ കമ്പനികൾക്കു കരാർ നൽകിയാൽ പോലും, ഒരു പ്രദേശത്ത് ഒരു കമ്പനിയുടെ- കരാർ ലഭിച്ച കമ്പനിയുടെ- സേവനം മാത്രമേ ലഭ്യമാവൂ. വിവിധ കമ്പനികൾ തമ്മിലുള്ള മത്സരത്തിന് അതോടെ സാധ്യത ഇല്ലാതാവും. കുത്തക (Monopoly) നേടുന്ന കമ്പനിക്കു സ്വന്തമായി നിരക്കുകൾ നിശ്ചയിക്കാനും കഴിയും. നിരക്കുകൾ നിശ്ചയിക്കുന്നതിൽ സംസ്ഥാന സർക്കാരിനോ എസ്പിവിക്കോ എന്തെങ്കിലും അധികാരമുള്ളതായി കരാറിൽ പറയുന്നില്ല. ഫലത്തിൽ, ഉപയോക്താക്കൾക്ക്- അതു വ്യക്തികളാവട്ടെ, സർക്കാർ സ്ഥാപനങ്ങളാവട്ടെ- ഇന്നു ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ വൈഫൈ സേവനം ലഭിക്കുമെന്നതിന്റെ ഒരു സൂചനയുമില്ല-എൻജിനീയേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

25 വർഷത്തേക്കാണു മൊബൈൽ കമ്പനികൾക്കു കേബിളുകൾ കൈമാറുന്നത്. മേഖല തിരിച്ചാണു ടെൻഡറെങ്കിൽ, സ്വകാര്യ കമ്പനികൾ ഒത്തുകളിച്ചു കരാർ തുക കുറയ്ക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കെ-ഫോൺ കമ്പനിക്കു വൻനഷ്ടമാണുണ്ടാവുക-അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ടി. ജോബ് പറഞ്ഞു. മാത്രമല്ല, 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു കെ-ഫോൺ വഴി സൗജന്യമായി വൈഫൈ കണക്ഷൻ നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ കണക്ഷനുകൾക്കുള്ള ചെലവ് സർക്കാർ വഹിക്കേണ്ടി വരും, അതും കമ്പനി നിശ്ചയിക്കുന്ന നിരക്കിൽ. അതിനുള്ള പണം സർക്കാർ നേരിട്ടു കമ്പനിക്കു നൽകുന്നില്ലെങ്കിലും കരാർ തുകയിൽ ഇളവു നൽകുമെന്നാണു വ്യവസ്ഥ. ഫലത്തിൽ അത്രയും തുക സർക്കാരിനു നഷ്ടമാകും. ആ തുക സബ്സിഡിയായോ മറ്റോ ബിപിഎൽ കുടുംബങ്ങൾക്കു നേരിട്ടു നൽകുകയോ, അവരുടെ ബില്ലുകൾ സർക്കാർ അടയ്ക്കാൻ സംവിധാനമുണ്ടാക്കുകയോ ചെയ്താൽ, ഇടനിലക്കാരുടെ ആവശ്യം വേണ്ടിവരില്ലെന്നും വിമർശകർ പറയുന്നു.

സുരക്ഷയിലും ആശങ്ക

കെഎസ്ഇബി സംവിധാനത്തിന്റെ സുരക്ഷിതത്വമാണ് അസോസിയേഷൻ ഉന്നയിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. സോളർ എനർജിയും വിൻഡ് എനർജിയും പോലുള്ള പാരമ്പര്യേതര ഊർജസ്രോതസ്സുകൾ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നതിനാൽ നിലവിൽ കെഎസ്ഇബിയിലെ ആഭ്യന്തര ആശയ വിനിമയ സംവിധാനത്തിന് അതീവ പ്രാധാന്യമുണ്ട്. കാലാവസ്ഥാവ്യതിയാനങ്ങൾ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങൾ ഒരു സെക്കൻഡ് പോലും വൈകാതെ പങ്കുവയ്ക്കേണ്ടതുണ്ട്.

കെഎസ്ഇബിയുടെ കേബിളുകളും മറ്റും സംവിധാനങ്ങളും സ്വകാര്യ കമ്പനികൾക്കു യഥേഷ്ടം ഉപയോഗിക്കാൻ വിട്ടു കൊടുക്കുന്നതു വഴി ബോർഡിലെ ആഭ്യന്തര വിവരവിനിമയങ്ങൾ തടസ്സപ്പെടുകയോ പങ്കുവയ്ക്കപ്പെടുകയോ ചെയ്തേക്കാം. അതിനു പുറമേ, സ്മാർട്ട് മീറ്ററുകൾ വ്യാപകമാക്കുന്നതിന്റെയും മീറ്റർ റീഡിങ് ഓൺലൈനാക്കുന്നതിന്റെയും ഭാഗമായി എല്ലാ വൈദ്യുതി കണക്ഷനുകളെയും ബന്ധിപ്പിക്കുന്ന ഡേറ്റാ ശൃംഖല സ്ഥാപിക്കാൻ കെഎസ്ഇബിക്കു നിലവിൽ പദ്ധതിയുണ്ട്. കെ-ഫോൺ വരുന്നതോടെ അതും അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ഒരു വിഭാഗം ജീവനക്കാർ പങ്കുവയ്ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ

പാലക്കാട്: തമിഴ്, തെലുങ്ക് ഭാഷകൾ സംസാരിക്കുന്ന, വിത്യസ്ഥ സമുദായങ്ങൾ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന തത്തമംഗലം വേട്ടക്കറുപ്പസ്വാമി ക്ഷേത്രത്തിലെ അങ്ങാടിവേല ഉത്സവം നാളെ ആരംഭിക്കും. ഏപ്രിൽ17ന് നടക്കുന്ന കൊടിയേറ്റം മുതൽ മേയ് രണ്ടുവരെ...

ആശാലതയുടെ പാട്ടിലേയ്ക്കുള്ള തിരിച്ചു വരവും ഒരിടം ചാനൽ ഒരുക്കിയ അഭിനയമത്സരവും വൈറലാകുന്നു

ഈസ്റ്റർ വിഷു അഭിനയമത്സരത്തിൽ സുരാജ് പറവൂർ സമ്മാനം നേടി കൊച്ചി: ഒരിടം ചാനൽ ഒരുക്കിയ ഈസ്റ്റർ അഭിനയമത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. വിഷുദിനത്തിലാണ് ചാനൽ മേധാവി പ്രശസ്ത...

സുപ്‌ട്നിക് 5 വാക്സിന്‍റെ ആദ്യ ബാച്ച് ഈ മാസം തന്നെ ഇന്ത്യയിലെത്തും

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെ​ങ്കി​ടേ​ഷ് വ​ർ​മ. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു...

കോവിഡ് വ്യാപനം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ഉന്നതതല യോഗം ഇന്നു നടക്കും.  രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കളക്ടര്‍മാര്‍,...

Recent Comments