തൊടുപുഴ: തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ മൈലകൊമ്പിൽ പ്രവർത്തിക്കുന്ന ദിവ്യരക്ഷാലയത്തിൽ കോവിഡ് പിടിമുറുക്കി. തെരുവിലലയുന്നവരും അനാഥരും , സ്വഭവനങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെടവരുമായ 250ഓളം മാനസിക രോഗികളായ പുരുഷന്മാരെയാണ് ഇവിടെ സംരക്ഷിച്ചു വരുന്നത്.ഇവരിൽ 175ഓളം അന്തേവാസികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ദിവ്യരക്ഷാലയം പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വിവരമറിഞ്ഞ് കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡണ്ടുമുൾപ്പെടെയുള്ള പഞ്ചായത്ത് അധികൃതർ ഇവിടം സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്തു. ദിവ്യരക്ഷാലയത്തെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റുകയും ഒരു ഡോക്ടറെ നിയമിക്കുകയും ചെയ്തതായി. പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഇതേസമയം കോവിഡിനെ വളരെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ ഫലമായാണ് അന്തേവാസികൾക്ക് രോഗം രൂക്ഷമാകാൻ കാരണമെന്ന അഭിപ്രായവും സമീപവാസികൾക്കുണ്ട്.കോവിഡ് പോസിറ്റീവ് ആയ സ്ഥാപനമേധാവി അശ്രദ്ധമായി പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുന്നതും, സന്ദർശകരെ സ്വീകരിക്കുന്നതും പൊതുജനങ്ങൾക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്. ഇത്രയും അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ബന്ധപ്പെട്ടവരെ അറിയിക്കാതിരുന്നതും പഞ്ചായത്തധികൃതരുൾപ്പെടെയുള്ളവർക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അതേസമയം ദിവ്യരക്ഷാലയത്തിൽ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന ദിവ്യം ഉത്പന്നങ്ങളുടെ നിർമ്മാണവും വില്പനയും സുരക്ഷിതാമണോയെന്ന് പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജില്ലാകളകടറും ആരോഗ്യ വകുപ്പും ഇടപെട്ട് ദിവ്യരക്ഷാലയത്തിലെ കോവിഡ് വ്യാപനത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും, സമ്പൂർണ കോവിഡ് വിമുക്തി നേടുന്നത് വരെ, മരുന്ന് ഭക്ഷണം, അനുദിനചിലവുകൾ തുടങ്ങി എല്ലാകാര്യങ്ങളിലും തീരുമാനമെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
തൊടുപുഴക്കടുത്തു മൈലക്കൊമ്പിൽ ഓടക്കൽ മാത്യു ഏലിയാമ്മ ദമ്പതി കളുടെ 5-മത്തെ മകനായ ടോമി മാത്യുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഒരു ശുശ്രുഷ ഭവനമാണ്. ദിവ്യരക്ഷാലയം . തെരുവിലൂടെ അലഞ്ഞു നടക്കുന്ന മനോരോഗികളായ മക്കളും നിരാലംബരും, നിർദ്ദനരുമായ കുടുംബങ്ങളിൽ നിന്നുമുള്ളവരായി ഏകദേശം 250-ഓളം മനോരോഗികൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു. നല്ലവരായ പൊതുജനങ്ങളുടെ സഹായസഹകരണങ്ങളാണ് കഴിഞ്ഞ 25- വർഷങ്ങളായി ഈ ഭവനത്തെ താങ്ങി നിർത്തുന്നത്. കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്ക്കുകയാണ് ഈ ഭവനം.