കൊച്ചി: കണ്ണൂരിൽ സിപിഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയതിന് പിറകെ കൊച്ചിയിലും സിപിഎമ്മിൻ്റെ കൊലവിളി പ്രകടനം. കണ്ണൂരിൽ മുസ് ലിം ലീഗിനെതിരായാണെങ്കിൽ കൊച്ചിയിൽ എസ്ഡിപിഐക്കെതിരെയാണ് കൊലവിളി.
കണ്ണൂരിലെ സംഭവത്തെക്കുറിച്ച് ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയവും പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും ഉണ്ടായിട്ടും അതിനെ നിസാരവൽക്കരിക്കുന്ന സമീപനമാണ് ഭരണപക്ഷത്ത് നിന്ന് ഉണ്ടായത്. സിപിഎം പ്രവർത്തകരെ കയറൂരി വിടുന്നത് കൊണ്ടാണ് സംസ്ഥാനത്തുടനീളം അക്രമത്തിന് മുതിരുന്നതെന്നും കൊച്ചിയിൽ നടന്നത് സർക്കാർ സ്പോൺസേഡ് കൊലവിളിയാണെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സുധീർ ഏലൂക്കര പറഞ്ഞു. കൊച്ചിയിലെ കൊലവിളി പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ സ്ഥലം എംഎൽഎ കെ.ജെ. മാക്സി പങ്കെടുത്തിരുന്നു. അദ്ദേഹത്തിൻ്റെ അറിവോടെയാണ് സിപിഎം പ്രവർത്തകർ കൊലവിളി നടത്തിയതെന്നാണ് മനസ്സിലാകുന്നത്.
കൊച്ചി ഹാർബറിൽ പുതിയ ബോട്ട് ഇറക്കുന്നതുമായി ബന്ധപ്പെട്ട തൊഴിൽ തർക്കത്തിൻ്റെ പേരിലാണ് മത്സ്യതൊഴിലാളികൾക്കെതിരെ സിപിഎം കൊലവിളി പ്രകടനം നടത്തിയത്. സിഐടിയുവിൻ്റെ നേതൃത്വത്തിൽ നടന്ന കൊലവിളിക്ക് സിപിഎം ഏരിയാ സെക്രട്ടറിയാണ് നേതൃത്വം നൽകിയത്.വെട്ടിക്കൊന്ന് കടലിലെറിയുമെന്ന് ഭീഷണി മുഴക്കിയത് ക്രിമിനൽ കേസ് എടുക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായിട്ടും പോലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
മനപൂർവ്വം സംഘർഷം സൃഷ്ടിച്ച് സമാധാനാന്തരീക്ഷം തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുധീർ ഏലൂക്കര പറഞ്ഞു. സിപിഎം നേതാക്കൾ പ്രവർത്തകരെ നിലക്ക് നിർത്തണമെന്നും തീകൊള്ളികൊണ്ട് തലചൊറിയാൻ ശ്രമിച്ചാൽ അതിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.