തൃശ്ശൂര്‍: അനുമതിയോടെ മണ്ണ് കൊണ്ടുപോകുന്നത് തടഞ്ഞ് കൈക്കൂലി വാങ്ങുന്നത് പതിവാക്കിയ രണ്ട് വനം വകുപ്പ് ജീവനക്കാരെ തൃശ്ശൂര്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മച്ചാട് റേഞ്ചിലെ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റര്‍ ഇഗ്നേഷ്യസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മഹേഷ് എന്നിവരാണ് പിടിയിലായത്.
മണലിത്തറ കുണ്ടുകാട് മേഖലയിലെ പട്ടയഭൂമിയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അനുമതിയോടെ മണ്ണ് കൊണ്ടു പോകുന്നവരില്‍ നിന്നാണ് കൈക്കൂലി വാങ്ങിയിരുന്നത്. വനഭൂമിയില്‍ കൂടിയാണ് വാഹനം പോകേണ്ടതെന്നും അതിനാല്‍ പണം നല്‍കിയില്ലെങ്കില്‍ വണ്ടി കടത്തിവിടില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നത്.
ഇവരില്‍ നിന്ന് 6000 രൂപ പിടികൂടി. വിജിലന്‍സ് തൃശ്ശൂര്‍ ഡി.വൈ.എസ്.പി യു.പ്രേമന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.