Tuesday, April 13, 2021
Home ELECTION തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും

തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധ ത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത് അതത് വരണാധികാരികളുടെ ചുമതലയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്ന ഒരാള്‍ക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍തന്നെ പേരുള്ള ആളായിരിക്കണം. സംവരണ സീറ്റില്‍ മത്സരിക്കുന്നയാള്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോഗ്യരാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലും സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാര്‍ക്കും അയോഗ്യതയുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും ബോര്‍ഡിലോ സര്‍വ്വകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സ്ഥാനാര്‍ത്ഥിയാകുന്നതിന് യോഗ്യതയില്ല. പാര്‍ട്ട്ടൈം ജീവനക്കാരും ഓണറേറിയും
കൈപ്പറ്റുന്ന ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. അംഗനവാടി ജീവനക്കാര്‍ക്കും, ബാലവാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. സാക്ഷരതാ പ്രേരകര്‍ക്ക് പഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാന്‍ യോഗ്യതയുള്ളൂ.

സര്‍ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും, എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കും മത്സരിക്കാന്‍ അയോഗ്യതയുണ്ട്. ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു നിയമിക്കപ്പെടുന്ന താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കും അയോഗ്യതയുണ്ട്. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ ജീവനക്കാരല്ലാത്തതിനാല്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സി.ഡി.എസ് അക്കൗണ്ടന്റുമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും.

സര്‍ക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരാള്‍ അയോഗ്യനാണ്. മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താല്‍ അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. സമൂഹത്തിന്റെ ഒരു പ്രതിനിധി എന്ന നിലയില്‍ സമൂഹത്തിന്റെ ന•യ്ക്കുവേണ്ടി പഞ്ചായത്തിലെയോ മുനിസിപ്പാ ലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവര്‍ക്ക് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാര ആവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതും അയോഗ്യതയല്ല.

സര്‍ക്കാരിലേയ്ക്കോ തദ്ദേശ സ്ഥാപനങ്ങളിലേക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവര്‍ അയോഗ്യരാണ്.
കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നല്‍കുകയും അതില്‍ നിര്‍ദേശിച്ച സമയം കഴിയുകയും വേണം. ബാങ്കുകള്‍ക്കോ സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്കോ നല്‍കാനുള്ള കുടിശിക സര്‍ക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ശികയായി കരുതാന്‍ കഴിയില്ല. ബാങ്കുകള്‍, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവയ്ക്ക് കൊടുക്കാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കില്‍കൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല. സര്‍ക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നല്‍കുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കില്‍ അതില്‍പ്പറയുന്ന ഗഡുക്കള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ മാത്രമേ കുടിശ്ശികക്കാരനായി കണക്കാക്കി അയോഗ്യത ഉണ്ടാവുകയുള്ളൂ.

1951-ലെ ജനപ്രാതിനിത്യ നിയമത്തിലെ 8-ാം വകുപ്പില്‍ പരാമര്‍ശിച്ച ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കില്‍ സാന്‍മാര്‍ഗിക ദൂഷ്യം ഉള്‍പ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തില്‍ കുറയാതെയുള്ള ഒരു കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാള്‍ക്ക് അയോഗ്യത ഉണ്ടായിരിക്കും. ശിക്ഷിക്കപ്പെട്ടാല്‍ ജയില്‍ മോചിതനായ ശേഷം ആറു കൊല്ലം വരെ അയോഗ്യതയുണ്ടായിരിക്കുന്നതാണ്. ശിക്ഷ നടപ്പിലാക്കുന്നത് അപ്പീല്‍ കോടതി സ്റ്റേ നല്‍കിയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം (കണ്‍വിക്ഷന്‍) സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതയ്ക്കും അയോഗ്യതക്കും കണക്കാക്കുക. ഏതെങ്കിലും കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അയോഗ്യതയില്ല.

അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തീയതി മുതല്‍ 5 വര്‍ഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതല്‍ 6 വര്‍ഷം കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയില്‍ അയോഗ്യനാണ്. എന്നാല്‍ അതേ സംബന്ധിച്ച് ഹൈക്കോടതിയില്‍ സ്റ്റേ ഉത്തരവുണ്ടെന്ന കാരണത്താല്‍ അയോഗ്യതയില്‍ നിന്നും ഒഴിവാകുന്നില്ല.

സ്റ്റേ ഉത്തരവ് പരിശോധിച്ച് വരണാധികാരി തീരുമാനമെടുക്കേണ്ടതാണ്. സര്‍ക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അയോഗ്യനാകും.
തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ പാഴാക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടിയുള്ള ഓംബുഡ്സ്മാന്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ അയോഗ്യനാണ്. ഒരാള്‍ ബധിരമൂകനാണെങ്കിലും അയോഗ്യനാണ്.

അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അയോഗ്യനാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേര്‍പ്പെട്ടയാളും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് അയോഗ്യനാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം തിരഞ്ഞെടുപ്പു ചെലവുകണക്കു സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് കമ്മീഷന്‍ അയോഗ്യനാക്കുന്ന തീയതി മുതല്‍ 5 വര്‍ഷക്കാലം അയോഗ്യതയുണ്ട്. ഗ്രാമസഭയുടേയൊ വാര്‍ഡ് സഭയുടെയോ യോഗം വിളിച്ച് കൂട്ടുന്നതിനു വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ അംഗമായി തുടരവേ തദ്ദേശ സ്ഥാപനത്തിന്റേയോ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയോ യോഗങ്ങളില്‍ ഹാജരാകാതിരിക്കുകയോ ചെയ്തതിലുണ്ടായ അയോഗ്യത പ്രസ്തുത കമ്മിറ്റിയുടെ കാലാവധിവരെ മാത്രമേ ഉണ്ടായിരിക്കൂ. അവര്‍ക്ക് ഈ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ല.
ഒരാള്‍ക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാര്‍ഡിലേയ്ക്ക് മാത്രമെ മത്സരിക്കുവാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ വാര്‍ഡിലേയ്ക്കു മത്സരിച്ചാല്‍ അയാളുടെ എല്ലാ നാമനിര്‍ദേശ പത്രികകളും നിരസിക്കുന്നതാണ്. ത്രിതല പഞ്ചായത്തുകളില്‍ ഒന്നിലധികം തലങ്ങളില്‍ മത്സരിക്കാവുന്നതാണ്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കുന്ന 2എ ഫാറത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കേണ്ടതാണ്. ഭേദഗതി വരുത്തിയ നാമനിര്‍ദ്ദേശ പത്രിക ഫോറവും 2എ ഫാറവും കമ്മീഷന്റെ സൈറ്റില്‍ ലഭ്യമാണ്. സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരി അര്‍ധ നീതിന്യായ സ്വഭാവമുള്ള ആളെന്ന നിലക്ക് സ്വന്തമായി തീരുമാനമെടുക്കേണ്ടതാണെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണം: ശ്രദ്ധിക്കേണ്ടവ
1. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ കളിസ്ഥലവും  രാഷ്ട്രീയകക്ഷികള്‍ക്ക് റാലിക്കോ  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.
2.  പൊതുസ്ഥലത്ത് പ്രചാരണ  സാമഗ്രികള്‍ നിയമങ്ങള്‍ക്കനുസൃതമായി സ്ഥാപിക്കാം.
3. സ്വകാര്യ  സ്ഥാപനങ്ങളിലും സ്വകാര്യവ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിനും ചുമരില്‍ എഴുതുന്നതിനും  ഉടമയുടെ രേഖാമൂലമുള്ള അനുമതി പത്രം വാങ്ങേണ്ടതും വരണാധികാരിയുടെയോ  അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ  മുന്‍പാകെ മൂന്നുദിവസത്തിനകം സമര്‍പ്പിക്കണം.
4. പ്രകടനം  നടക്കുമ്പോള്‍ രാഷ്ട്രീയകക്ഷിയുടെയോ  സ്ഥാനാര്‍ത്ഥിയുടെയോ  വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം കൊടി എന്നിവ  മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമാക്കി പ്രദര്‍ശിപ്പിക്കാം.
5. സര്‍ക്കാര്‍ അതിഥി  മന്ദിരങ്ങളിലും സമാനമായ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും താമസസൗകര്യം ഭരണത്തിലിരിക്കുന്ന കക്ഷി കുത്തകയാക്കി വെക്കാന്‍ പാടില്ല. മറ്റു കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ താമസസൗകര്യം അനുവദിക്കേണ്ടതാണ്. എന്നാല്‍  തിരഞ്ഞെടുപ്പ് ഓഫീസിനായി  ഉപയോഗിക്കാന്‍  പാടില്ല.  രാഷ്ട്രീയകക്ഷിയുടെ അനൗദ്യോഗിക യോഗങ്ങള്‍  പോലും ഇത്തരം സ്ഥാപനങ്ങളില്‍ വച്ച് ചേരുവാന്‍ അനുവദിക്കരുത്.  ഇതിന്റെ  ലംഘനം മാതൃക പെരുമാറ്റ സംഹിതയുടെ ലംഘനമായി കണക്കാക്കും. ആര്‍ക്കുംതന്നെ 48 മണിക്കൂറില്‍ കൂടുതല്‍ സമയത്തേക്ക് മുറി അനുവദിക്കാന്‍ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള സമയത്തേക്ക് മുകളില്‍ സൂചിപ്പിച്ചവര്‍ക്ക് മുറി അനുവദിക്കുന്നത്  നിര്‍ത്തിവയ്ക്കണം.
6. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിന് ഡമ്മി ബാലറ്റ്  യൂണിറ്റുകള്‍ ഉപയോഗിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് നിയന്ത്രണമുണ്ട്. യഥാര്‍ത്ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലിപ്പത്തില്‍ ഉള്ളതും  തടിയിലോ പ്ലൈവുഡിലോ  നിര്‍മ്മിച്ചതുമായ ഡമ്മി  ബാലറ്റ്  യൂണിറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്.  എന്നാല്‍ ഇത് യഥാര്‍ഥ ബാലറ്റ്  യൂണിറ്റുകളുടെ നിറത്തില്‍ ആകാന്‍ പാടില്ല.
7. ദൈവങ്ങളുടെയോ ആരാധന മൂര്‍ത്തീകളുടെയോ  ചിത്രം ആലേഖനം ചെയ്ത ഡയറി,കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യാന്‍ പാടില്ല.
 8. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്‌ലക്‌സ്  എന്നിവ ഒഴിവാക്കി പ്രചരണ സാമഗ്രികള്‍ തയ്യാറാക്കാന്‍ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ബാധ്യസ്ഥരാണ്.

ശബരിമല സേഫ് സോണ്‍: ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുവമിഥുനങ്ങൾ

നസീ.. ഷാ കാളിയാർ മനോഹരമായി അലങ്കരിച്ച ആ ഓഡിറ്റോറിയത്തിന്റെ മതിൽ...

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പൊതു പരിപാടികളിൽ 200 പേര്‍ മാത്രം; ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് വരെ

കൊവിഡ് വ്യാപന പശ്ചാതലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. പൊതുചടങ്ങുകള്‍ രണ്ട്...

കോവിഡ് വ്യാപനം രൂക്ഷം; ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂർ: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കുള്ള കൊറോണ വൈറസ് വാക്സിൻ മാത്രമാണുള്ളതെന്നും വാക്സിൻ വിതരണം തുടരുന്നതിന് വേണ്ടി...

കോവിഡ് വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിരൂക്ഷം. ഒരാഴ്ചക്കിടെയുണ്ടായ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷവും മരിച്ചവരുടെ എണ്ണം നാലായിരവും പിന്നിട്ടു. രോഗ വ്യാപനത്തില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമതെത്തി....

Recent Comments