കൊച്ചി: മതേതര പാർട്ടികളുടെ അജണ്ട ഹിന്ദുത്വ ക്യാൻവാസിലേക്ക് മാറിയതായി എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം.കെ.ഫൈസി. കേരളത്തിലുൾപ്പെടെയുള്ള മതേതര പാർട്ടി നേതാക്കൾ മോഹൻ ഭാഗവതിൻ്റെ ഭാഷയിൽ സംസാരിക്കുന്നത് ബോധപൂർവ്വമാണ്. സംഘ് പരിവാർ പ്രചരിപ്പിക്കുന്ന പൊതുബോധത്തോടൊപ്പം സഞ്ചരിക്കാൻ പാർട്ടികൾ മത്സരിക്കുന്നത് യാദൃശ്ചികമായല്ല.തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര പാർട്ടികൾ ഫാഷിസത്തിനെതിരാണെന്ന് പറയുകയും ഫാഷിസത്തെ എതിർക്കാതെ ഒളിച്ചോടുകയും ചെയ്യുന്നു. ഫാഷിസം ഉള്ളിടത്തെല്ലാം അതിനെതിരേ ജനാധിപത്യ പരമായി പോരാടുന്ന ദൗത്യമാണ് എസ്ഡിപിഐ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. അദാനിയുടേയും അംബാനിയുടെയും ജോലിക്കാരായി കർഷകരെ മാറ്റുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുവ്വാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റോയി അറക്കൽ, തുളസീധരൻ പള്ളിക്കൽ, സംസ്ഥാന ട്രഷറർ അജ്മൽ ഇസ്മായിൽ, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ.അബദുൽ ജബ്ബാർ, പി.ആർ.സിയാദ്, കെ.എസ്.ഷാൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി.പി. മൊയ്തീൻ കുഞ്ഞ്, ഇ എസ് കാജാ ഹുസൈൻ, വിമൻ ഇന്ത്യാ മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന ടീച്ചർ,മുസ്തഫ മാസ്റ്റർ, ബഷീർ കണ്ണാടിപ്പറമ്പ്,ഷെമീർ മാഞ്ഞാലി,വി.എം.ഫൈസൽ സംസാരിച്ചു.