ഗീതാദാസ്
ആ വലിയ വീട്ടിൽ അയാൾ തനിച്ചായിരുന്നു. അനേകം മുറികളുള്ള ആ വീട്ടിലെ ആരുമെത്താ കോണിലെ ചെറിയൊരു മുറിയിലാണ് കഴിഞ്ഞ അഞ്ചു വർഷമായി അയാൾ ജീവിക്കുന്നത്. വിശാലമായ മുറിയിൽ കട്ടില് കൂടാതെ ഒരു മേശയും കസേരയും വലിയൊരു അലമാരയും ഉണ്ടായിരുന്നു. അലമാരയിൽ അയാൾക്കുള്ള വസ്ത്രങ്ങളാണ്. ഹോം നഴ്സ് അയാളുടെ വസ്ത്രങ്ങളും പുതപ്പും കിടക്കവിരിയുമെല്ലാം കഴുകിയുണക്കി അതിൽ സൂക്ഷിച്ചു.
അല്പം വീതിയും നീളവുമുള്ള മേശയുടെ ഒരു ഭാഗം അയാൾക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ളതാണ്. ബാക്കിയുള്ള ഭാഗത്ത് അയാൾക്കുള്ള ചൂടുവെള്ളവും മരുന്നും ബിപിയും ഷുഗറും നോക്കാനുള്ള യന്ത്രങ്ങളും വച്ചിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി അയാൾ ആകെ കാണുന്ന മനുഷ്യജീവി ഹോം നഴ്സാണ്. കാലാകാലങ്ങളിൽ ഓരോരോ ഹോംനഴ്സുകൾ മാറി മാറി അയാളെ പരിപാലിക്കാനെത്തിയിരുന്നു.
ആ വലിയ വീടിന്റെ ഉടമസ്ഥൻ അയാളുടെ മകനാണ്. മകനും ഭാര്യയും കുട്ടികളും തൊട്ടപ്പുറത്തുണ്ടെങ്കിലും ഒരിക്കൽ പോലും അവരാരും ആ മുറിയിലേക്ക് കടന്നു വരികയോ അയാളോട് സംസാരിക്കുകയോ ചെയ്തിരുന്നില്ല. അയാൾക്കാകട്ടെ അവരുടെ അടുത്തേക്ക് ചെല്ലാനുള്ള അനുവാദവും ഉണ്ടായിരുന്നില്ല. തന്റെ മകനോട് സംസാരിക്കണമെന്നും കൊച്ചുമക്കളെ വാരിപ്പുണർന്നു ഉമ്മ വയ്ക്കണമെന്നും അയാളാഗ്രഹിച്ചിരുന്നു. ഒരു തവണ ശ്രമിച്ചതുമാണ്.
“വയസ്സായ അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നോണം. ഈ മുറി വിട്ട് പുറത്തിറങ്ങിയാൽ ഇറക്കി വിടും ഞാൻ “മകന്റെ ആക്രോശത്തിന് മുന്നിൽ അയാളുടെ ആഗ്രഹം വെന്തെരിഞ്ഞ് ചാരമായി. പിന്നീടൊരിക്കലും തനിക്ക് അനുവദിക്കപ്പെടാത്തയിടങ്ങളിൽ പ്രവേശിക്കാൻ അയാൾ ധൈര്യപ്പെട്ടില്ല.

മകന്റെ കാഴ്ചപ്പാടിൽ അപ്പനാവശ്യമുള്ളതെല്ലാം ഒരുക്കികൊടുത്തിട്ടുണ്ട്.സമയാസമയങ്ങളിൽ ഭക്ഷണം, മരുന്ന്, വസ്ത്രം എല്ലാമുണ്ട്. ശുശ്രൂഷയ്ക്കായി മാസം പതിനയ്യായിരം കൊടുത്തു ഹോം നഴ്സിനെ വച്ചിട്ടുണ്ട്, സ്പെഷ്യലായി ഒരു ഡോക്ടറെ വച്ചിട്ടുണ്ട്. ഒന്നിനും ഒരു കുറവുമില്ല.അപ്പനെ പൊന്നുപോലെ നോക്കുന്ന മകനെന്ന ഖ്യാതി സുഹൃത്തുക്കൾക്കും,ബന്ധുക്കൾക്കും സഹപ്രവർത്തകർക്കുമിടയിൽ നാൾക്ക് നാൾ വർദ്ധിച്ചു വരുന്നുണ്ടായിരുന്നു.
അയാൾക്ക് പക്ഷെ അതൊന്നുമായിരുന്നില്ല വേണ്ടിയിരുന്നത്. ഒരേയൊരു മകനെ കണ്ണുനിറയെ കാണണം, മതിവരുവോളം അവനോട് സംസാരിക്കണം. അവന്റെ തോളിൽ ചാരി അല്പദൂരം നടക്കണം, അവനോടും കുടുംബത്തോടുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. അവന്റെ കുഞ്ഞുങ്ങളെ ലാളിക്കുകയും പണ്ട് പണ്ട് നടന്ന കഥകൾ പറഞ്ഞ് അവരെ വിസ്മയിപ്പിക്കുകയും ചെയ്യണം.. ഇതൊക്കെയായിരുന്നു മരണത്തോടടുത്ത അയാളുടെ വൃദ്ധമനസ് ആഗ്രഹിച്ചിരുന്നത്.
പൊന്നുപോലെ നോക്കുന്ന സ്വർണ്ണ കൂട്ടിൽ കിടന്ന് അയാൾ പിടഞ്ഞുകൊണ്ടേയിരുന്നു. മുഖം കനപ്പിച്ച ഹോം നഴ്സ് കീകൊടുത്ത യന്ത്രമനുഷ്യനെ പോലെ വികാരരഹിതയായിരുന്നു. അയാളുടെ മനസ്സ് മടുത്തു, ചിന്തകളിൽ ഇരുട്ട് പടർന്നു.ഏകാന്തത അയാളെ ഭ്രാന്തുപിടിപ്പിച്ചു. ആരെങ്കിലും സ്നേഹത്തൊടെ തന്നെയൊന്ന് സ്പർശിച്ചിരുന്നെങ്കിലെന്ന് അയാളാഗ്രഹിച്ചു. അപ്പോഴയാൾ ആദ്യമായി തന്റെ ഭാര്യയെ ഓർത്തു.ഒരുമിച്ചു ജീവിച്ച കാലമത്രയും അവളെ സ്നേഹിക്കാൻ ഒരിക്കലും താൻ ശ്രമിച്ചിരുന്നില്ലെന്ന് അയാൾ കണ്ണുനീരോടെ മനസ്സിലാക്കി. അവളത് എത്രമാത്രം ആഗ്രഹിച്ചു കാണും. എത്ര അവഗണിച്ചിട്ടും തന്നെ സ്നേഹിക്കുന്നതിലും ശുശ്രൂഷിക്കുന്നതിലും ഒരു പിശുക്കും അവൾ കാണിച്ചിരുന്നില്ല.നിസ്സാര കാര്യങ്ങളിൽ കൈനിവർത്തി അടിക്കുമ്പോൾ തേങ്ങലടക്കി അവൾ പറയുമായിരുന്നു
നോക്കിക്കോ, ഞാനില്ലാതാകുമ്പോൾ നിങ്ങളനുഭവിക്കും..
എന്തനുഭവിക്കാൻ.. അപ്പോഴൊക്കെ പരിഹസിച്ചു കൊണ്ട് അയാളലറിയിരുന്നു.
ഓർത്തുകിടക്കവേ അയാൾക്ക് പെട്ടെന്ന് കരച്ചില് വന്നു. അന്നാദ്യമായി തന്റെ ഭാര്യയുടെ സ്നേഹം അയാളാഗ്രഹിച്ചു.

അവളെ സ്നേഹിക്കാതിരുന്ന കാലം ഇരട്ടിയായി തിരിച്ചു കൊടുക്കണം അതിനായി ഒരു ജന്മം കൂടി അവൾക്കുണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചു ..കൈവിട്ടു പോയതിനെ ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയില്ലല്ലോ
ജന്മം നല്കിയ മകനെ മാതാപിതാക്കളുടെ സ്നേഹം കാണിച്ചു വളർത്താതിരുന്നത് തെറ്റായിപോയെന്ന ബോധം അയാളെ വേട്ടയാടി
ആ തെറ്റിൽ നിന്നും തനിക്കൊരിക്കലും മോചനം ലഭിക്കില്ലെന്നയാൾക്ക് മനസിലായി. അതെ ചിലതൊക്കെ തിരിച്ചു തരാൻ കാലചക്രത്തിനും കഴിയില്ല.കണ്ണീരിലുണർന്ന ദീർഘനിശ്വാസത്തോടെ ഓർമ്മകളിൽ നിന്നും മിഴിതുറന്നപ്പോൾ കണ്ടത് കഴിക്കാൻ മറന്നു പോയ ഗുളികകൾ കയ്യിൽ വച്ച് ശകാരിക്കുന്ന ഹോം നഴ്സിനെ യാണ്.
ഇത്ര മറവിയെന്താ.. വേണേൽ കഴിച്ചാൽ മതി.. അല്ലെങ്കിൽ ചാക്.. ചത്താലാർക്കാ നഷ്ടം..
ചത്താലാർക്കും നഷ്ടമില്ലാത്ത വിധം പരിണമിച്ചു പോയ ജന്മം
ഗുളികകൾ കയ്യിൽ വച്ച് പാതിമരിച്ചവനായി അയാളിരുന്നു. കർമ്മദോഷം.