അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്, ആ സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ തുടങ്ങി നിരവധി ചരിത്രം എഴുതി ചേർത്താണ് കമലാ ഹാരിസ് അമേരിക്കയുടെ ഭരണത്തലപ്പത്തേക്കെത്തുന്നത്. എന്ഡോക്രിണോളജിയിൽ ഉപരി പഠനത്തിനായി 1960ലാണ് കമലയുടെ അമ്മയായ ശ്യാമള ഗോപാലൻ തമിഴ്നാട്ടിൽ നിന്നും യുഎസിലെത്തിയത്. അറിയപ്പെടുന്ന ഒരു ബ്രെസ്റ്റ് കാൻസർ സയന്റിസ്റ്റായിരുന്നു ശ്യാമള.ജമൈക്കക്കാരനാണ് കമലയുടെ പിതാവ് ഡൊണാൾഡ് ഹാരിസ്. സാമ്പത്തിക ശാസ്ത്ര പ്രെഫസറാണ് അദ്ദേഹം.കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പഠനകാലത്താണ് കമലയുടെ മാതാപിതാക്കൾ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും
ചർച്ചിലും ക്ഷേത്രങ്ങളിലും ഒരു പോലെ സന്ദർശനം നടത്തിയാണ് കമലയും സഹോദരിയും വളർന്നു വന്നത്.കമലയുടെ അഞ്ചാം വയസിലാണ് മാതാപിതാക്കൾ തമ്മിൽ വേർപിരിയുന്നത്. ഇതിനു ശേഷം അച്ഛനൊപ്പം താമസിക്കാനെത്തിയപ്പോൾ നേരിടേണ്ടി വന്ന വർണ്ണ വിവേചനത്തെക്കുറിച്ച് കമല ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.അമേരിക്കയിലാണ് ജനിച്ചു വളർന്നതെങ്കിലും ഇന്ത്യൻ പാരമ്പര്യം കമല കാത്തുസൂക്ഷിച്ചിരുന്നു. വിവാഹവേദിയിൽ ഭർത്താവ് ഡഗ്ലസ് എംഹോഫിനെ പാരമ്പര്യ രീതിയിൽ പൂമാല അണിയിച്ചാണ് കമല സ്വീകരിച്ചത്. അമേരിക്കയിൽ വർണ്ണവെറിക്കും പൊലീസ് അതിക്രമങ്ങൾക്കുമെതിരായി നടന്ന പ്രതിഷേധ മാർച്ചുകളിൽ സജീവ പങ്കാളിയായിരുന്നു. പുരോഗമന വാദിയായ പ്രോസിക്യൂട്ടർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കമല വധശിക്ഷയെ ശക്തമായി എതിർക്കുന്നതിന്റെ പേരിലാണ് ശ്രദ്ധ നേടിയത്.കമലയുടെ സഹോദരി മായയും അഭിഭാഷകയാണ്. ഹിലാരി ക്ലിന്റന്റെ നിയമോപദേശക ആയും പ്രവർത്തിച്ചു