നിർധനർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യാം
സാധാരണക്കാർ ഏറ്റവും ഭയക്കുന്ന അസുഖങ്ങളിൽ മുൻപിലുണ്ടാകും കിഡ്നി സംബന്ധമായ രോഗങ്ങൾ. വലിയ ചികിത്സ ചിലവ് തന്നെയാണ് ഇതിന്റെ മുഖ്യ കാരണം. അത് തന്നെയാണ് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ച സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ പ്രസക്തിയും. നിർധനരായ കിഡ്നി രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചറാണ് നിർവ്വഹിച്ചത്. 2020 ഒക്ടോബർ 15 നായിരുന്നു ഉദ്ഘാടനം.
രോഗികൾക്ക് ആശ്വാസം
തോളൂർ കമ്മ്യൂണിറ്റി സെന്ററിന് സമീപമാണ് ഡയാലിസിസ് യൂണിറ്റ് കെട്ടിടം സ്ഥിതിചെയ്യുന്നത്.പുഴയ്ക്കൽ ബ്ലോക്കിന്റ നേതൃത്വത്തിലാണ് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചത്.
5 മെഷീനുകളാണ് ഡയാലിസിസ് യൂണിറ്റിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ളത്.
അതിൽ 4 മെഷീനുകളിലും ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നുണ്ട്. പുഴയ്ക്കൽ ബ്ലോക്ക് പരിധിയിൽ വരുന്ന കിഡ്നി രോഗികൾക്കാണ് ഇതിന്റ പ്രയോജനം ലഭിക്കുക. 80 ഓളം ഡയാലിസിസ് രോഗികൾ ബ്ലോക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുളങ്കുന്നത്ത്കാവ്, അമല മെഡിക്കൽ കോളേജുകളിലെ നെഫ്രോളജി ഡോക്ടർമാർ ശുപാർശ ചെയ്യുന്ന രോഗികളെ ഇവിടെ ഡയാലിസിസ് ചെയ്യുന്നുണ്ട്.അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് സാമ്പത്തിക നിലയും ആരോഗ്യ നിലയും നോക്കിയാണ് ഡയാലിസിസിന് രോഗികളെ സ്വീകരിക്കുന്നത്.വളരെ സങ്കീർണ്ണമായ രോഗങ്ങൾ ഉള്ളവർക്ക് ഇവിടെ ഡയാലിസിസ് അനുവദിക്കാറില്ല.മാനദണ്ഡങ്ങൾ പ്രകാരം അർഹരായവർക്ക് പൂർണമായും സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്.
ഭാവിപദ്ധതികൾ
2 മെഷീൻ കൂടി കൂടുതൽ ഉൾപ്പെടുത്തി കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പുതിയ പ്രൊജക്ടിൽ ഇത് സംബന്ധിച്ച ആലോചനകൾ സമർപ്പിച്ചിട്ടുണ്ട്.അനുമതി ലഭിച്ചാൽ ഒരേ സമയം കൂടുതൽ ആളുകളെ ഉൾപെടുത്താൻ സാധിക്കും.എം പി രമ്യ ഹരിദാസിന്റെ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും എം എൽ എ അനിൽ അക്കരയുടെ ഫണ്ടിൽ നിന്നും 37 ലക്ഷം രൂപയും ഡയാലിസിസ് സെന്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി ചിലവഴിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് വിവിധ പദ്ധതികളിലായി 50 ലക്ഷം രൂപയും നൽകി. ഗ്രാമപഞ്ചായത്തുകളായ കോലഴി, തോളൂർ പഞ്ചായത്തുകൾ സംയുക്ത പദ്ധതിയായി 5 ലക്ഷം രൂപ വീതം പുതിയ മെഷിനുകൾ വാങ്ങുന്നതിനായി അനുവദിച്ചിട്ടുണ്ട്.
അംഗീകാരനിറവിൽ
മികവാർന്ന പ്രവർത്തനത്തിന്റെ പേരിൽ തോളൂർ സാമൂഹികരോഗ്യ കേന്ദ്രത്തിന് ഐ എസ് ഒ അംഗീകാരം ലഭിച്ചിരുന്നു.