കോവിഡ് വാക്സിനെക്കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും വിശദമായി വായിക്കാം.
വാക്സിന് എല്ലാവര്ക്കും ഒരേസമയത്തു കിട്ടുമോ?
വാക്സിന്റെ ലഭ്യതയനുസരിച്ച് സര്‍ക്കാര്‍ മുന്‍ഗണനാക്രമം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം. തുടര്‍ന്ന് കോവിഡ് പ്രതിരോധവുമായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും 50 വയസ്സ് കഴിഞ്ഞവര്‍ക്കും 50 വയസ്സില്‍ത്താഴെ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സിന് നല്‍കും.
വാക്സിന് എല്ലാവരും നിര്‍ബന്ധമായും എടുക്കേണ്ടതാണോ?
സ്വമേധയാ തീരുമാനമെടുക്കാം. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി നമ്മള് സമ്പര്‍ക്കത്തിലാകുന്നവരെ രോഗവ്യാപനത്തില്‍നിന്ന് സംരക്ഷിക്കാനും വാക്സിന് എടുക്കേണ്ടതാണ്.
ചുരുങ്ങിയ സമയത്തെ പരീക്ഷണത്തിനൊടുവില്‍ പുറത്തിറങ്ങുന്ന വാക്സിന് സുരക്ഷിതമാണോ?
വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉത്തരവാദപ്പെട്ട നിയന്ത്രണ ഏജന്‍സികള്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണു രാജ്യത്ത് വിതരണം നടത്തുന്നത്.
കോവിഡ്19 ഉറപ്പാക്കിയ/ സംശയിക്കുന്ന രോഗിക്ക് വാക്സിന് എടുക്കേണ്ടതുണ്ടോ?
രോഗലക്ഷണങ്ങളുള്ളവര്‍ അല്ലെങ്കില്‍ രോഗം സംശയിക്കപ്പെടുന്നവരിലൂടെ വാക്സിനേഷന് എത്തുന്നവര്‍ക്ക് രോഗബാധയുണ്ടായേക്കാം. അതിനാല്‍ അങ്ങനെയുള്ളവര്‍ ലക്ഷണമുണ്ടായി 14 ദിവസത്തേക്കു വാക്സിന് എടുക്കേണ്ടതില്ല.
കോവിഡ് വന്ന് ഭേദമായ വ്യക്തി വാക്സിന് എടുക്കേണ്ടതുണ്ടോ?
രോഗത്തിനെതിരേ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കുന്നതിന് ഒരിക്കല്‍ രോഗംവന്ന് ഭേദമായവര്‍ വാക്സിന് എടുക്കുന്നതാണ് ഉചിതം.
ലഭ്യമായ നിരവധി വാക്സിനുകളില്‍നിന്ന് ഒന്നോ രണ്ടോ വാക്സിനുകള്‍ വിതരണത്തിനായി തിരഞ്ഞെടുക്കുന്നത് എങ്ങനെ?
സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണ് രാജ്യത്തെ ഡ്രഗ് റഗുലേറ്റര്‍ വാക്സിനുകള്‍ക്കു ലൈസന്‍സ് നല്‍കുന്നത്.
എന്നാല്‍, എടുക്കുന്ന വാക്സിന്റെ നിര്‍ദേശിച്ചിട്ടുള്ള ഡോസുകള്‍ ഒരേ വാക്സിന്‍തന്നെയാണ് എടുക്കുന്നത്. പ്രതിരോധത്തിനെടുക്കുന്ന വാക്സിനുകള്‍ മാറിമാറി എടുക്കാന്‍ പാടില്ല.
താപനില ക്രമീകരിച്ച് വാക്സിന് സൂക്ഷിക്കാനും മറ്റുസ്ഥലങ്ങളില്‍ എത്തിക്കാനുമുള്ള പ്രാപ്തി നമ്മുടെ രാജ്യത്തുണ്ടോ?
26 കോടി നവജാത ശിശുക്കളുടെയും 29 കോടി ഗര്‍ഭിണികളുടെയും വാക്സിന് ആവശ്യങ്ങള്‍ സാധ്യമാക്കുന്ന ഇന്ത്യയുടെ പ്രതിരോധ കുത്തിവെപ്പു പരിപാടി ലോകത്തെതന്നെ വലിയ ശീതീകരണ സംവിധാനങ്ങളിലൊന്നാണ്.
മറ്റുരാജ്യങ്ങളില്‍ നടപ്പാക്കുന്നപോലെ ഇന്ത്യയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വാക്സിന് ഫലപ്രദമാകുമോ?
മറ്റേതുരാജ്യം വികസിപ്പിച്ച വാക്സിനോളം ഫലപ്രാപ്തിയുള്ള വാക്സിനാവും നമ്മുടെ രാജ്യത്ത് വിതരണം ചെയ്യുന്നത്. നിരവധിഘട്ടങ്ങളിലൂടെ സുരക്ഷയും ഫലപ്രാപ്തിയുമുറപ്പിക്കാന്‍ വാക്സിന് ട്രയലുകള്‍ നടത്തിയിട്ടുണ്ട്.
ഞാന്‍ വാക്സിന് സ്വീകരിക്കാന്‍ യോഗ്യനാണെന്ന് അറിയുന്നതെങ്ങനെയാണ്?
മുന്‍ഗണനക്രമമനുസരിച്ച് രജിസ്റ്റര്‍ചെയ്തവര്‍ക്ക് വാക്സിന് എടുക്കാനെത്തിച്ചേരേണ്ട സ്ഥലം, സമയം എന്നിവ മുന്‍കൂട്ടി നല്‍കിയിരിക്കുന്ന മൊബൈല്‍ ഫോണില്‍ അറിയിക്കും.
ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരാള്‍ക്ക് വാക്സിന് ലഭിക്കുമോ?
കോവിഡ് വാക്സിന് ലഭിക്കുന്നതിനു രജിസ്ട്രേഷന് നിര്‍ബന്ധമാണ്. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ മാത്രമേ വാക്സിന് നല്കുന്ന സയമവും സ്ഥലവും ഗുണഭോക്താവിനു പങ്കിടുകയുള്ളൂ.
എന്തൊക്കെ രേഖകളാണ് വാക്സിന് ലഭ്യമാക്കാനുള്ള രജിസ്ട്രേഷന് ആവശ്യമായിട്ടുള്ളത്?
കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ ലിമിറ്റഡ് കമ്പനികള്‍ നല്കുന്ന ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ്.

വാക്സിനേഷന് സ്ഥലത്ത് ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ് കാണിക്കേണ്ടതുണ്ടോ?
രജിസ്ട്രേഷന് സമര്‍പ്പിച്ച അതേ തിരിച്ചറിയല്‍ കാര്‍ഡ് വാക്സിന് സ്വീകരിക്കാനെത്തുന്ന ബൂത്തിലും കാണിക്കേണ്ടതാണ്.
ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ് ഹാജരാക്കാത്തപക്ഷം വാക്സിന് നല്‍കുമോ?
രജിസ്ട്രേഷനുപയോഗിക്കുന്ന അതേ ഐ.ഡി. കാര്‍ഡ് വാക്സിന് നല്കുന്ന ബൂത്തില്‍ പരിശോധനയ്ക്കു നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.
വാക്സിന് സ്വീകരിച്ചുകഴിഞ്ഞ ഗുണഭോക്താവിനു വാക്സിനേഷന് സംബന്ധിയായ തുടര്‍വിവരങ്ങള്‍ ലഭ്യമാകുമോ
നിര്‍ദിഷ്ട ഡോസ് വാക്സിന് സ്വീകരിച്ച വ്യക്തിക്ക് എസ്.എം.എസ്. സന്ദേശം ലഭിക്കും. എല്ലാ ഡോസുകളും സ്വീകരിച്ചശേഷം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.
കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്ക്കു മരുന്നുകഴിക്കുന്നവര്‍ക്ക് വാക്സിന് സ്വീകരിക്കാനാവുമോ?
പ്രമേഹം, കാന്‍സര്‍, രക്തസമ്മര്‍ദം തുടങ്ങി രോഗങ്ങള്‍ ഉള്ളവര്‍ റിസ്ക് കൂടിയ വിഭാഗത്തില്‍ പെടുന്നവരാണ്. അവര്‍ വാക്സിന് സ്വീകരിക്കേണ്ടതാണ്.
വ്യക്തികള്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എന്തൊക്കെ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം?
വാക്സിനെടുത്തശേഷം അരമണിക്കൂര്‍ വാക്സിനേഷന് കേന്ദ്രത്തിലെ നിരീക്ഷണമുറിയില്‍ വിശ്രമിക്കേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക. മാസ്ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹികാകലം പാലിക്കുക തുടങ്ങി പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമായും തുടരണം.
കോവിഡ്19 വാക്സിനേഷനുണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളെന്തെല്ലാം?
സുരക്ഷയുറപ്പാക്കിയ ശേഷം മാത്രമാണു വാക്സിന് വിതരണം തുടങ്ങുന്നത്. എന്തെങ്കിലും ചെറിയപനി, വേദന തുടങ്ങി നിസ്സാര പാര്‍ശ്വഫലങ്ങളുണ്ടായേക്കാം.
എത്ര ഇടവേളയില്‍ എത്ര ഡോസ് വാക്സിന് സ്വീകരിക്കണം?
28 ദിവസത്തെ ഇടവേളയില്‍ രണ്ടു ഡോസ് വാക്സിന് സ്വീകരിക്കേണ്ടതാണ്.

എപ്പോഴാണ് ആന്റിബോഡികള്‍ രൂപപ്പെടുന്നത്?
ആന്റിബോഡികള്‍ സാധാരണയായി രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ വികസിക്കുന്നു.
കല്യാണ വിശേഷങ്ങൾ റേഡിയോ നാടകം, ഇതുവരെയുള്ള ഭാഗങ്ങൾ ഇപ്പോൾ ജോർജ്ജങ്കിൾ എന്ന യൂട്യൂബ് ചാനൽ പ്ലേ ലിസ്റ്റിൽ കാണാം.
https://cutt.ly/7jx9eU1