അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് മോദി ട്വീറ്റ് ചെയ്തു.
‘ഗംഭീരമായ വിജയത്തില്‍ അഭിനന്ദനങ്ങള്‍ ജോ ബൈഡന്. ഇന്തോ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിര്‍ണായകവും വിലമതിക്കാനാകാത്തതുമായിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- മോദി ട്വീറ്റില്‍ വ്യക്തമാക്കി.
വൈസ് പ്രസിഡന്റായി വിജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. എല്ലാ ഇന്തോ-അമേരിക്കക്കാര്‍ക്കും ഈ വിജയം അഭിമാനമാണെന്ന് മോദി പറഞ്ഞു. ഡൊണാള്‍ഡ് ട്രംപുമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയ മോദി, യുഎസിലെ ഭരണമാറ്റത്തെ സശ്രദ്ധം വീക്ഷിക്കുകയാണ്.
അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് ഉറപ്പിക്കാന്‍ ട്രംപ് മോദിയെ അവിടേക്ക് ക്ഷണിച്ച് ഹൗഡി മോദി പരിപാടിയടക്കം സംഘടിപ്പിച്ചിരുന്നു. ഒടുവില്‍ ദയനീയ പരാജയമാണ് ട്രംപിനുണ്ടായത്. പൗരത്വ -കശ്മീര്‍ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വാദങ്ങളില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയ വ്യക്തിയാണ് വിജയിച്ച ബൈഡന് എന്നതും ശ്രദ്ധേയമാണ്.