Thursday, September 16, 2021
Home സ്ത്രീധന വിസ്മയങ്ങൾ ഉണ്ടാവാതിരിക്കട്ടെ- ഒരിടം വനിതകൾ പറയുന്നു

സ്ത്രീധന വിസ്മയങ്ങൾ ഉണ്ടാവാതിരിക്കട്ടെ- ഒരിടം വനിതകൾ പറയുന്നു

തയ്യാറാക്കിയത്- ഗീതാ ദാസ്

പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ സ്വര്‍ണ്ണച്ചിട്ടിയില്‍ ചേരുന്ന രീതി മാറണം

നിര്‍മ്മലാ പിള്ള

മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനുള്ള ജീവിതം, പല ജീവിതങ്ങളും അകാലത്തില്‍ പൊലിയുന്നത് ഈയൊരു അബദ്ധ ധാരണയുടെ പേരില്‍ അല്ലേ?അതേ.മറ്റുള്ളവര്‍ എന്തു കരുതും എന്ന വിചാരത്തിലുള്ള ജീവിതം. മക്കള്‍ക്കും ആ രീതി പിന്തുടര്‍ന്ന് ജീവിക്കാനുള്ള പരിശീലനം ഇവയൊക്കെയാണ് ഇക്കാലത്തെ പല കുടുംബത്തര്‍ച്ചയുടേയും കാരണങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.നമ്മുടെ വീട്ടിലെ ഒരു കാര്യങ്ങളും അയല്‍ വീട്ടുകാര്‍ അറിയരുത് എന്ന നിര്‍ബ്ബന്ധം പുലര്‍ത്തുന്ന മാതാപിതാക്കള്‍ മകള്‍ക്ക് ഒരു കല്യാണ ആലോചന വന്നാല്‍ എല്ലാം തീരുമാനം ആയ ശേഷമായിരിക്കും കുടുംബത്തിലെ പല അംഗങ്ങളേയും അറിയിക്കുക പ്രത്യേകിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് വരന്‍ എങ്കില്‍. പണ്ടൊക്കെ മകള്‍ക്ക് ഒരു കല്യാണ ആലോചന വന്നാല്‍ ചെറുക്കന്റെ സ്വഭാവവും വീട്ടുകാരെയും കുറിച്ച് ഏതെങ്കിലും വിധത്തില്‍ അന്വേഷിക്കാതെ വിവാഹം ഉറപ്പിക്കില്ലായിരുന്നു.അമ്മാവന്മാര്‍ക്കായിരുന്നു അതിന്റെ ഉത്തരവാദിത്വം. അപ്പോഴും പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല വി വാഹ ശേഷം ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ കുടുംബക്കാര്‍ താങ്ങായി ഉണ്ടാവുമായിരുന്നു. ഇപ്പോഴോ തനിക്ക് പിന്തുണയായി ഒരാള്‍ പോലുമില്ല എന്ന ഒരു പെണ്‍കുട്ടിയുടെ തോന്നലാണ് പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കുന്നത്. തിരിച്ച് വീട്ടില്‍ ചെന്നു നിന്നാല്‍ നാട്ടുകാര്‍ എന്തു കരുതും എന്ന വിചാരം.ലക്ഷക്കണക്കിനു രൂപ ചിലവാക്കി ആര്‍ഭാടമായി വിവാഹം നടത്തിയത് തിരിച്ച് വീട്ടില്‍ വന്നു നില്ക്കാനല്ല എന്ന മാതാപിതാക്കളുടെ ഉപദേശം. അതിനു പകരം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പീഡനമേറ്റ് പരാതിയുമായി വരുന്ന മകളെ ചേര്‍ത്ത് നിര്‍ത്തി പണമല്ല ഞങ്ങള്‍ക്ക് നീയാണ് വലുത് എന്ന ഒരു വാക്കുമതി അവളെ വേണ്ടാത്ത ചിന്തകളില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍.
ഇനി ആണ്‍മക്കളുടെ കാര്യം.പത്തു വയസ്സു കഴിയുമ്പോള്‍ മുതല്‍ അവനെ ശീലിപ്പിക്കാം ഒരു പെണ്ണിന്റെ മഹിമയെ മനസ്സിലാക്കാന്‍.അച്ഛന്‍ അമ്മയെ എങ്ങിനെ സ്‌നേഹിക്കുന്നു എന്ന് കാണിച്ചു വേണം ഒരു മകന് മാതൃകയാവാന്‍.വീട്ടില്‍ ഒരു അനിയത്തിയോ ചേച്ചിയോ ഉണ്ടങ്കില്‍ അവന്‍ വേണം അവര്‍ക്ക് സംരക്ഷകനാവാന്‍ എന്ന പാഠം സ്‌ക്കൂളില്‍ നിന്നല്ല അവന്‍ പഠിക്കണ്ടത്, വീട്ടില്‍ നിന്നു തന്നെ.മകളെ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയാക്കിയിട്ടു വേണം അവളുടെ കല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ അല്ലാതെ ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ സ്വര്‍ണ്ണച്ചിട്ടിയില്‍ ചേര്‍ന്ന് പണമടയ്ക്കുകയല്ല വേണ്ടത്.

https://www.youtube.com/results?search_query=Ashalatha+Hello+Bless+2021+June+25+Friday+Episode

മാറി ചിന്തിക്കാനും തിരുത്താനും തക്കവണ്ണം നമ്മള്‍ മാറണം..

ലെനി മാത്യു

ആക്രോശങ്ങള്‍,കുറ്റപ്പെടുത്തലുകള്‍,പരിഹാസങ്ങള്‍, അസഭ്യം പറച്ചില്‍,സഹതാപം…കഴിഞ്ഞ ദിവസങ്ങളില്‍ മീഡിയയില്‍ എവിടെ നോക്കിയാലും കാണുന്നത് ഇതൊക്കെയാണ്.പൂ പോലൊരു പെണ്‍കുട്ടിയുടെ മരണമാണ് വിഷയം.രോക്ഷം അങ്ങനെ പൊങ്ങുന്നു.വേണ്ടതു തന്നെ.ഭര്‍ത്താവിനെയും അവന്റെ വീട്ടുകാരെയും കണ്‍വെട്ടത്തു കണ്ടാല്‍ കൊന്നുകളയുമെന്ന മട്ടാണ് ( വിടുന്നു.. ചുമ്മാ ). മകള്‍ നഷ്ടപ്പെട്ട ആ അപ്പനമ്മമാരോട് വെറുപ്പും ദേഷ്യവും പിന്നെ ഇത്തിരി സഹതാപവും. ആ കുഞ്ഞിനോടുള്ള ഉപദേശം അതങ്ങു സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് കേള്‍ക്കുന്നുണ്ടാവും അല്ലേ??

ഇത്തരം ഒരു വിഷയം വരുമ്പോള്‍ എല്ലാവരും പ്രതികരിക്കും.എന്നാല്‍ നാല് ദിവസം കഴിയുമ്പോള്‍ ഇതെല്ലാം മറക്കും.സാഹചര്യം വരുമ്പോള്‍ നമ്മളും നാട്ടുനടപ്പനുസരിച്ച് നാടോടുമ്പോള്‍ നടുവേ എന്ന പഴയ പല്ലവിയില്‍.

വാക്കാല്‍ നിന്നെ അപമാനിച്ചാല്‍, നിന്റെ ദേഹം വേദനിച്ചാല്‍ കരണം നോക്കി ഒന്ന് കൊടുത്തിട്ട് ഇങ്ങോട്ട് പോരെ എന്ന് സ്വന്തം പെണ്‍മക്കളോട് പറയാന്‍ നമ്മില്‍ എത്രപേര്‍ക്ക് കഴിയും??. നിന്റെ പ്രിയപ്പെട്ട മുറി ബെഡ്ഷീറ്റ് ഒക്കെ മാറ്റിയിട്ട് കട്ടിലൊന്ന് വലുതാക്കി (പേരമക്കള്‍ക്കാണേ )നിനക്കായി തന്നെ ഒരുക്കിയിട്ടുണ്ട് എന്ന് ആത്മാര്‍ത്ഥമായി പറയാന്‍ എത്ര പേര്‍ക്ക് കഴിയും??

നീ കാരണം ഒരു പെണ്‍കുട്ടിയുടെ കണ്ണു നിറഞ്ഞാല്‍ ആദ്യ അടി ഞങ്ങളില്‍ നിന്നായിരിക്കുമെന്ന് പ്രായപൂര്‍ത്തിയായ മകനോട് പറയാന്‍ നമുക്ക് കഴിയുമോ ??

കഴിയും.. കഴിയണോല്ലോ..

പറഞ്ഞു പഠിപ്പിക്കുന്ന അരുതുകളില്‍ ആദ്യത്തേത് നിനക്ക് തട്ടി കളിക്കാനുള്ള കളിപ്പാട്ടമല്ല നീ കൂടെ കൂട്ടുന്ന നിന്റെ പെണ്ണ്, അവളുടെ കണ്ണു നിറയരുത് എന്നുള്ളതാവണം ആണ്‍ മക്കളോട് പറഞ്ഞു കൊടുക്കേണ്ടത്.നിനക്ക് നൊന്താല്‍ സര്‍വ്വവും സഹിച്ച് സമൂഹം കല്‍പ്പിക്കുന്ന അപമാനം ഓര്‍ത്ത് നീറാന്‍ ഉള്ളതല്ല നിന്റെ ജീവിതം എന്നുള്ളതാവട്ടെ പെണ്‍ മക്കളോടുള്ള ആദ്യപാഠം..

മകള്‍ക്ക് പത്തിരുപത്തഞ്ച് വയസ്സായില്ലേ കല്യാണ പ്രായം ആയല്ലോ എന്നുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും പറച്ചിലില്‍ പൊന്നുപോലെ വളര്‍ത്തിയ മകള്‍ പെട്ടെന്നൊരു നിമിഷം ബാധ്യത ആവുന്നതും ഇല്ലാത്തത് ഉണ്ടാക്കി കൊടുത്തു എങ്ങനെയെങ്കിലും ഒക്കെ ഒരു കല്യാണം ഒപ്പിച്ച് പറഞ്ഞ് വിടുന്നതും തീര്‍ച്ചയായും മാറ്റേണ്ടത് തന്നെ.പൊന്നും പണവും ചോദിക്കുന്നവരോട് അവള്‍ക്ക് ജീവിക്കാന്‍ ഉള്ളത് അവള്‍ ഉണ്ടാക്കി കൊള്ളും, അതിനുള്ള കരുതല്‍, പ്രാപ്തി അവള്‍ക്കുണ്ട് എന്ന് ധൈര്യത്തോടെ പറയാന്‍ പറ്റുന്ന വിധത്തില്‍ മാറണം..
കെട്ടിച്ചു വിട്ട പെണ്‍മക്കളുടെ കണ്ണുകളിലെ വേദന ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റും വിധം മാറണം.
ചട്ടിയും കലവും അല്ലേ തട്ടിയും മുട്ടിയും ഇരിക്കും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്ക് എന്നുപറയുന്നിടത്തുന്നു മാറി നിന്റെ സന്തോഷം സമാധാനം ജീവന്‍ എന്നിവ നഷ്ടപ്പെടുത്തുന്ന ഒരു അഡ്ജസ്റ്റ്‌മെന്റും വേണ്ട എന്നു പറയാന്‍ തക്കവണ്ണം മാറി ചിന്തിക്കാന്‍ കഴിയണം.സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ക്ഷമയോടെ അവിടെ കേട്ടിരുന്നു അതേ രീതിയില്‍ കേള്‍ക്കാനും ആശ്വസിപ്പിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയും വിധം മാറണം.മാറ്റങ്ങള്‍ ഇല്ല എന്നല്ല പോരാ എന്നാണ്.. മാറി ചിന്തിക്കാനും തിരുത്താനും തക്കവണ്ണം നമ്മള്‍ മാറണം.

https://www.youtube.com/results?search_query=Ashalatha+The+Era+Of+Letters+Still+in+Oridam

അവൾ നമ്മളില്‍ ഒരുവള്‍

സ്മിത സ്റ്റാന്‍ലി

ഓരോ ദുരന്തവും അതിന്റെ തീവ്രത കുറയുമ്പോള്‍ മാഞ്ഞു പോകുന്നു. അതുവരെ നാം എല്ലാവരും അതിനു പിന്നാലെ സഹതാപവര്‍ഷം ചൊരിഞ്ഞു ദുഖിച്ചു നടക്കും.സഹോദരീ സഹോദരന്മാരെ,ഇനിയും ഒരു രക്തസാക്ഷി കൂടെ ഇവിടെ ഉണ്ടാവാതെ നോക്കാന്‍ നമ്മള്‍ പരമാവധി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒരുപാട് സ്വപ്‌നവും പേറി വിവാഹം എന്ന സമ്പ്രദായത്തിലൂടെ പെണ്മക്കള്‍ ചെന്നു കയറുന്നത് സ്വര്‍ഗം ആണോ നരകം ആണോ എന്ന് ഒരു രക്ഷിതാവിനും അറിയാന്‍ കഴിഞ്ഞെന്നു വരില്ല.കൈയില്‍ ഉള്ള പൊന്നും പണവും കൊടുത്തു മക്കളുടെ സന്തോഷം ആഗ്രഹിച്ചു പോകുന്നത് തെറ്റായ കാര്യവും അല്ല.പക്ഷേ അതില്‍ അല്ല നമ്മള്‍ അവരെ (നമ്മളെ തന്നെ )പഴി ചാരേണ്ടത്. നമ്മള്‍ സ്വയം മനസിലാക്കാതെ പോയ ചില കാര്യങ്ങളില്‍ ആണ്.

എന്തും തുറന്നു പറഞ്ഞു കൊണ്ടുള്ള ഒരു സൗഹൃദം ആണ് ഒരു പെണ്‍കുട്ടിക്ക് സ്വന്തം ഭവനത്തില്‍ നിന്നും ലഭിക്കേണ്ടത്. അവര്‍ എവിടെ പോയാലും ഏത് ജീവിത സാഹചര്യത്തില്‍ ആണെങ്കിലും അവരോടൊപ്പം അവരുടെ മാതാ പിതാക്കള്‍ ഉണ്ട്, സഹോദരങ്ങള്‍ ഉണ്ട് എന്ന വലിയ ചിന്ത അവരില്‍ അറ്റം വരെ ഉണ്ടാവണം. ഒന്നും തുറന്നു പറഞ്ഞു വീട്ടുകാരെ വേദനിപ്പിക്കാതിരിക്കാന്‍ കുഞ്ഞുങ്ങള്‍ ശ്രമിക്കുമ്പോള്‍ അത് വഴി അവര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ സ്വന്തം ജീവിതമാണ്.

നമ്മള്‍ വളര്‍ത്തിയത് അവരുടെ മനോഹരമായ സ്വപ്‌നങ്ങളെയാണ്. അത് എന്തിനു തല്ലി കെടുത്തണം.വിവാഹം അല്ല അവസാന വാക്ക്.നല്ലൊരു ജോലിയും സമൂഹത്തില്‍ അന്തസായ ജീവിതവും ആകണം ഓരോ പെണ്‍കുട്ടിയുടെയും ലക്ഷ്യം.സ്ത്രീക്കും പുരുഷനെ പോലെ തന്നെ ജീവിതത്തില്‍ സ്വന്തമായ ഒരു ലക്ഷ്യം വേണം.മുന്‍ഗണന വിവാഹത്തിന് ആകരുത് എന്ന് തന്നെ വീണ്ടും പറയുന്നു. വിവാഹിത ആയ ഒരു പെണ്‍കുട്ടിക്ക് ആ ജീവിതത്തിലെ പ്രശ്‌നങ്ങളുമായ് യാതൊരു കാരണവശാലും യോജിച്ചു പോകാന്‍ കഴിയില്ല എന്ന് തോന്നിയാല്‍,പിന്നെ ആ നരകജീവിതം അവസാനിപ്പിച്ചു പടിയിറങ്ങാന്‍ ചങ്കൂറ്റം ഉണ്ടാകണം.കാരണം അങ്ങേയറ്റം വരെ സഹന ശേഷി ഉള്ളവള്‍ സ്ത്രീ ജന്മം തന്നെ.ക്ഷമയുടെ നെല്ലി പലകയും കഴിഞ്ഞാല്‍ മാത്രമേ അവള്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിരാന്‍ തയ്യാര്‍ ആകുകയുള്ളു.

നാട്ടുകാര്‍ എന്തും ചിന്തിച്ചോട്ടെ, ഈ കാലഘട്ടത്തില്‍ ഒരു ചിന്തയും ശാശ്വതമല്ല.ജീവിതം ഒന്നേയുള്ളു.അത് കണ്ടവന്റെ കൈയിലെ വാള്‍ മുനയിലും, ഒരു കഷ്ണം സാരി ത്തുമ്പിലും അവസാനിപ്പിക്കാന്‍ ഉള്ളതല്ല.

സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസവും സ്വന്തമായി വരുമാനവും നേടിയതിന് ശേഷം വിവാഹത്തിന് തയ്യാറാവുക

ജീജ സുധീഷ് പൂങ്കുന്നം

ഇന്നലെ വിസ്മയ ഇന്ന് അര്‍ച്ചനയും , സുചിത്രയും നാളെ മറ്റാരോ.മാധ്യമങ്ങളില്‍ ചര്‍ച്ചയും കാര്യകാരണ വിചാരങ്ങളു0 അന്വേഷണങ്ങളും നടപടികളും പതിവ് പോലെ മുന്നേറുന്നുണ്ട്.കൊല്ലപ്പെട്ടതിനുശേഷം ശവത്തിന് നീതി കിട്ടിയിട്ട് എന്തുകാര്യം. ജീവിതാവസാനം വരെ നല്ല തന്റേടത്തോടെ കഴിച്ചുകൂട്ടാന്‍ പ്രേരണയും പാഠവും നല്‍കുന്ന വ്യവസ്ഥിതി നമ്മുടെ സമൂഹത്തിലു0 കുടുംബത്തിലും ഉണ്ടാവണം.സ്ത്രീ ധനമായിരിക്കുമ്പോള്‍ പിന്നെ സ്ത്രീധനം വാങ്ങിക്കുന്നതെന്തിന് . നിയമപ്രകാരം സ്ത്രീധനം ഇന്ത്യയില്‍ നിരോധിച്ചതാണ്.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്.പക്ഷെ ഈ നിയമമെല്ലാം കാറ്റില്‍ പറത്തുകയാണ്.സ്ത്രീയെ അളക്കേണ്ട ഒന്നല്ല സ്ത്രീധനം. ആ പൊന്നും പണത്തേക്കാള്‍ മൂല്യം ഉണ്ട് അവളുടെ ജീവിതത്തിന്. സ്ത്രീധനം വിഷമാണ്. ഒരു അച്ഛനും അമ്മയും പെണ്‍കുട്ടികളെ കെട്ടിച്ചു വിടുന്നതിനെക്കുറിച്ചോര്‍ത്ത് ഉറക്കം കളയരുത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ അവളെ പ്രാപ്തിയാക്കാനുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ തുന്നുക.കല്യാണ പ്രായമെത്തും മുന്‍പേ ഒരുവന്റെ കൈയിലേല്‍പ്പിച്ച് കടമ തീര്‍ന്നെന്ന് ആശ്വാസിക്കുന്ന പല മാതാപിതാക്കളേയും ഇന്നും കാണാറുണ്ട്.പക്ഷെ അവര്‍ ആ മക്കളോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്.കല്യാണത്തിന് അല്ല പ്രധാനം സ്വന്തമായി ഒരു ജോലി നേടുക എന്നതിലാണ് കാര്യം സ്ത്രീധനത്തിന്റെ പേരില്‍ ശിഥിലമാക്കപ്പെട്ട ജീവിതങ്ങള്‍ ഒരു പാടുണ്ട്. വിദ്യാസമ്പന്നമായ കേരളത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. വിവാഹ ജീവിതത്തില്‍ സ്ത്രീയെ ഒരു തുല്യ പങ്കാളിയായി കാണാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. അതിനാല്‍ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസവും സ്വന്തമായി വരുമാനവും നേടിയതിന് ശേഷം മാത്രമേ വിവാഹത്തിന് തയ്യാറാകേണ്ടൂ. ” ജീവിതത്തിന്റെ പാതിയാക്കാന്‍ ഒരുവളെ തേടുന്നവന് സ്ത്രീ ധനമാണ്. എന്നാല്‍ ലക്ഷാധിപതിയാവാന്‍ ഒരുവളെ തേടുന്നവന് സ്ത്രീധനമാവുന്നു. ”


സ്ത്രീയും ധനവും

യശോദ മുരളി അവണൂര്‍

ജീവിതത്തെ ഒരു നാണയമായി കണ്ടാല്‍, അതിന്റെ ഇരുവശവും പോലെയാണ് സ്ത്രീയും പുരുഷനും. ഇരു ഭാഗത്ത് അല്‍പ്പസ്വല്‍പ്പം വ്യത്യാസങ്ങളൊക്കെ ഉണ്ടാകുമെങ്കിലും, രണ്ടിനും ഒരേ മൂല്യം തന്നെ.സ്ത്രീയെ വളരെയധികം ബഹുമാനിച്ചിരുന്ന ഒരു സംസ്‌കാരമായിരുന്നു ഭാരതത്തിലുണ്ടായിരുന്നത്.

‘ യാ ദേവി സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിത:
നമ സ്തസ്യൈ നമ സ്തസ്യൈ നമ സ്തസ്യൈ നമോ നമ :’

സ്ത്രീയെ അമ്മയായും ദേവി രൂപത്തിലും ബഹു മാനി ച്ചിരുന്ന ഒരു നാട്…! എന്ന് തുടങ്ങിയാണ് എങ്ങിനെയാണ്, അവളെ ഒരു കച്ചവടച്ചരക്ക് ആക്കിയത് എന്ന് അറിയില്ല.ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും, സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളമെന്ന, ദൈവത്തിന്റെ സ്വന്തം നാട്ടിലും, നമ്മുടെ പെണ്‍മക്കള്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. ‘ വിസ്മയ ‘ ഏറ്റവും പുതിയ ഒരു ഇര മാത്രം!! എന്താണ് ഇങ്ങനെ, എന്തുകൊണ്ട്, ആരാണ് ഇതിന്റെയൊക്കെ, ഉത്തരവാദികള്‍…..? പല പല ചോദ്യങ്ങളും, തര്‍ക്കങ്ങളും, ചുറ്റും അരങ്ങേറുന്നുണ്ട്.! അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍, പുതിയൊരു വിഷയം കിട്ടിയാല്‍, ഇതും നാം മറക്കും.! ചരിത്രം വീണ്ടും ആവര്‍ത്തിക്കും.

മാറേണ്ടത്, വ്യവസ്ഥിതിയൊന്നുമല്ല.. മനുഷ്യ മനസ്സ് തന്നെയാണ്.ഒരു സ്ത്രീ പ്രസവിച്ചാല്‍, ആണ്‍കുട്ടിയാണെന്ന് അറിഞ്ഞാല്‍ ഹായ്…!! പെണ്‍കുട്ടി എന്നാല്‍ ഹൗ.! എന്നും പ്രതികരിക്കുന്ന സ്വന്തം അച്ഛനമ്മമാരുടെ തന്നെ മനസ്സില്‍ നിന്നാവണം മാറ്റം തുടങ്ങേണ്ടത്.. എന്നോ മനസ്സില്‍ ഉറച്ചു പോയ അബദ്ധ ധാരണകള്‍.! ആണിനെ പോലെ തന്നെ വ്യക്തിത്വമുള്ള വളാണ് അവള്‍ എന്നും, ഇറക്കി വിടേണ്ടവളും, പോയ സ്ഥലത്ത് അടിഞ്ഞു കൂടേണ്ടവളും, അല്ല അവള്‍ എന്നും ഉള്ള ഒരു ബോധം അച്ഛനമ്മമാര്‍ക്ക് ആദ്യം ഉണ്ടാകണം.ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിവാഹമാണ് എന്ന ചിന്ത മാറിയേ തീരൂ.അവളെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടുക… നല്ല വിദ്യാഭ്യാസവും മൂല്യബോധവും നല്‍കുക.എന്തിനും ഞങ്ങള്‍ കൂടെയുണ്ടെന്ന് ധൈര്യവും….,!! ഒരു വിടന്റെ ചൊല്‍പ്പടിയില്‍ അന്തസ്സും സമ്പത്തും അടിയറവച്ച് ജീവിക്കുന്നതിനേക്കാള്‍, ഒറ്റയ്ക്ക് ആത്മാഭിമാനത്തോടെ ജീവിക്കുകയാണ് നല്ലത്, എന്ന ബോധവും നല്‍കുക..,! ആണ്‍കുട്ടികളെയും സ്ത്രീകളെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുക. പിന്നെ, ഈ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍, കുറച്ചൊക്കെ ധൈര്യവും കാണിക്കണ്ടേ…? സ്വന്തം ജീവന് പകരം ഒന്നുമില്ല എന്ന്, എന്തുകൊണ്ടാണ് ചിന്തിക്കാത്തത്..?

ഒരുവാല്‍ കഷണം……!!!

ഒരു സ്ത്രീയുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീ തന്നെയാണ്… അമ്മായിയമ്മ മരുമകളെ മകളായി കണ്ടാല്‍ അവിടെ ഇത്തരം മരണങ്ങള്‍( കൊലപാതകങ്ങള്‍ ) നടക്കുമോ…….?

പ്രബുദ്ധ കേരളമേ…….. നിന്നെ നോക്കി ലജ്ജിക്കുന്നു……. വല്ലാതെ……

ഒരു പെണ്‍ കുഞ്ഞിന് സ്ത്രീധനമല്ല,നല്ല വിദ്യാഭ്യാസവും ആത്മാഭിമാനവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവുമാണ് അച്ഛനമ്മമാര്‍ നല്‍കേണ്ടത്.

മിനി ഉണ്ണികൃഷ്ണന്‍

ഓ…..പെണ്‍കുട്ടിയാണോ…..ബാധ്യത കൂടിയല്ലോ…..ഒരു പെണ്‍കുട്ടിയാണ് ജനിച്ചത് എന്നറിയുമ്പോള്‍ ചിലരുടെയെങ്കിലും പ്രതികരണം ഇന്നത്തെ കാലത്തും ഇതുപോലെ ഉണ്ടാവാറുണ്ട്. പെണ്‍കുട്ടികള്‍ അച്ഛനമ്മമാര്‍ക്ക് എന്നും ബാധ്യതയാണെന്ന ഈ ചിന്ത ഇപ്പോഴും ഉണ്ടെന്നത് എത്ര വിചിത്രമാണ്. സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ന് സ്ത്രീകള്‍ ചെയ്യാത്തതായി എന്തു ജോലിയാണ് ഉള്ളത്. എവിടെയാണ് അവള്‍ ആണ്‍കുട്ടികളേക്കാള്‍ പുറകിലായി നില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം കിട്ടാന്‍ ഇനിയും എത്ര കാലം വേണ്ടിവരും.

ഇതിനെല്ലാം ഉള്ള ഉത്തരം ഒന്നു മാത്രം.എല്ലാം ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ തുടങ്ങണം. ആണായാലും പെണ്ണായാലും അച്ഛനമ്മമാര്‍ അവരെ ഒരു പോലെ കാണണം.എല്ലാ കാര്യങ്ങളിലും തുല്ല്യത നല്‍കണം. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. സ്വന്തം അമ്മയ്ക്കും പെങ്ങള്‍ക്കും നല്‍കുന്ന സ്‌നേഹവും ബഹുമാനവും തന്നെ ഭാര്യക്കും നല്‍കാന്‍ ഓരോ വ്യക്തിയും തയ്യാറാവണം.ഭാര്യയും ഒരു മനുഷ്യനാണെന്നും സ്‌നേഹവും ബഹുമാനവും കിട്ടാന്‍ അവള്‍ക്കും അവകാശമുണ്ടെന്നും എല്ലാവരും മനസ്സിലാക്കണം.

ഒരു ബാധ്യത തീര്‍ക്കുന്നതു പോലെ കുറച്ച് സ്ത്രീധനവും കൊടുത്ത് മകളെ ആരെക്കൊണ്ടെങ്കിലും കല്ല്യാണം കഴിപ്പിക്കരുത്. നല്ല ജോലിയുണ്ടെങ്കില്‍ മാത്രം പയ്യന്‍ നല്ലവനാവണമെന്നില്ല. പയ്യനെ പറ്റിയും അവന്റെ വീട്ടുകാരെ പറ്റിയും നല്ലതു പോലെ അന്വേഷിക്കണം. കല്ല്യാണം അന്വേഷിച്ച് വരുമ്പോള്‍ പെണ്ണിനും ചെറുക്കനും സംസാരിക്കാനും പരസ്പരം മനസ്സിലാക്കാനും ഉള്ള അവസരം ഒരുക്കണം. പരസ്പരം ചേരില്ല എന്നു തോന്നിയാല്‍ കല്ല്യാണം നടത്താത്തതാണ് നല്ലത്. കല്ല്യാണം കഴിഞ്ഞ് തമ്മില്‍ തല്ലുന്നതിനേക്കാള്‍ എത്രയും നല്ലത് ചേരാത്തവര്‍ തമ്മില്‍ കല്ല്യാണം കഴിക്കാത്തതാണ്.

പെണ്ണുകാണല്‍ ചടങ്ങു കഴിഞ്ഞാല്‍ പിന്നെ അടുത്ത ചോദ്യം എത്ര കൊടുക്കും എന്നാവും. ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവാന്‍ പാടുള്ളൂ. ‘താല്പര്യമില്ല’. സ്ത്രീധനം ആവശ്യപ്പെടുന്ന പയ്യനെ ഞങ്ങള്‍ക്ക് വേണ്ട എന്ന് തീര്‍ത്തു പറയണം.സ്ത്രീധനം കൊടുത്ത് കല്ല്യാണം കഴിക്കാന്‍ പെണ്‍കുട്ടികളും,സ്ത്രീധനം വാങ്ങി കല്ല്യാണം കഴിക്കാന്‍ ആണ്‍കുട്ടികളു തയ്യാറാവരുത്.സ്ത്രീധനം എന്ന ദുരാചാരത്തെ ഇല്ലാതാക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമുണ്ടെന്ന് തോന്നുന്നില്ല. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമപരമായി നിരോധിച്ച ഈ ദുരാചാരം എന്തുകൊണ്ടാണ് ഇപ്പോഴും തുടരുന്നത് എന്നതും വിചിത്രം തന്നെ. മകളുടെ കല്ല്യാണത്തിന് ഇത്രയും സ്വര്‍ണ്ണം കൊടുത്തു, പണം കൊടുത്തു, സ്ഥലം കൊടുത്തു, കാറ് കൊടുത്തു എന്നൊക്കെ ദുരഭിമാനത്തോടെ പറയുന്ന ചില അച്ഛനമ്മമാരും ഇതിന് കാരണക്കാരാണ്.സ്ത്രീധനം വാങ്ങുന്നത് മാത്രമല്ല കൊടുക്കുന്നതും കുറ്റകരമായ കാര്യമാണെന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കണം.സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കാനുള്ള സമയം അധികരിച്ചു കഴിഞ്ഞു.

കല്ല്യാണം കഴിച്ചയക്കുന്ന മകള്‍ ആ വീട്ടില്‍ സുരക്ഷിതയാണോ സന്തോഷവതിയാണോ എന്ന് വീട്ടുകാര്‍ തീര്‍ച്ചയായും അന്വേഷിക്കണം. സന്തോഷം മാത്രമല്ല സങ്കടവും വീട്ടുകാരോട് പങ്കിടാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവണം. വീട്ടുകാരെ വിഷമിപ്പിക്കേണ്ട എന്നു കരുതി പെണ്‍കുട്ടികള്‍ എന്തും സഹിക്കാന്‍ തയ്യാറാവുന്നതാണ് ഏറ്റവും വലിയ കുഴപ്പം. മകളുടെ മുഖഭാവത്തില്‍ നിന്നും അവളുടെ വിഷമങ്ങള്‍ വീട്ടുകാര്‍ മനസ്സിലാക്കണം. എന്നെങ്കിലും ഒരിക്കല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാന്‍ മകള്‍ ഇഷ്ടക്കേട് കാണിക്കുകയാണെങ്കില്‍ അതു പാടില്ല എന്തും സഹിച്ച് ഭര്‍ത്താവിനോട് സഹകരിച്ച് ജീവിക്കണം എന്ന് മകളെ നിര്‍ബന്ധിക്കാതെ അവളുടെ പ്രശ്‌നം എന്താണെന്ന് അന്വേഷിച്ച് മനസ്സിലാക്കണം. മകള്‍ പറയുന്നത് ശരിയാണെന്ന് മനസ്സിലായാല്‍ പിന്നെ അവളെ നിര്‍ബന്ധിച്ച് തിരിച്ചയക്കരുത്. ഒരു കയറിന്റെ തുമ്പത്ത് തൂങ്ങിയാടുന്ന മകളുടെ മൃതശരീരമല്ല മറിച്ച് ഓജസ്സും തേജസ്സും ഉള്ള മകളെയാണ് നമുക്കാവശ്യം. അതിനായി വിവാഹബന്ധം വേര്‍പെടുത്തുന്നതാണ് നല്ലതെങ്കില്‍ അതു തന്നെ ചെയ്യണം. നാട്ടുകാര്‍ എന്തു പറയും ബന്ധുക്കള്‍ എന്തു വിചാരിക്കും എന്നു കരുതി മകളെ കഷ്ടപ്പാടിലേക്കോ മരണത്തിലേക്കോ തള്ളി വിടാതിരിക്കുകയാണ് അച്ഛനും അമ്മയും ചെയ്യേണ്ടത്. മകള്‍ക്ക് വിഷമം വന്നാല്‍ ഈ നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഒരു ചുക്കും ഇല്ലെന്ന് നമ്മള്‍ മനസ്സിലാക്കണം.പറയുന്നവര്‍ കുറച്ചു കാലമേ ഇതൊക്കെ പറയൂ. വേറെയെന്തിങ്കിലും വിഷയം കിട്ടിയാല്‍ ഇവരുടെയൊക്കെ ശ്രദ്ധ പിന്നെ അതിലേക്ക് തിരിഞ്ഞോളും. ഈ ലോകത്ത് ജീവിക്കാന്‍ നമുക്ക് ഒരു ജീവിതമേയുള്ളൂ. അത് മറ്റുള്ളവര്‍ക്ക് വേണ്ടി ബലികഴിക്കേണ്ട ആവശ്യമില്ല. നമ്മള്‍ നമ്മുടെ ജീവിതം ആദ്യം സുരക്ഷിതമാക്കുക. ഒരു പെണ്‍കുട്ടിക്ക് സ്ത്രീധനമല്ല മറിച്ച് നല്ല വിദ്യാഭ്യാസവും ആത്മാഭിമാനവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവുമാണ് അച്ഛനമ്മമാര്‍ നല്‍കേണ്ടത്. പെണ്‍കുട്ടികള്‍ ജോലിക്കൊന്നും പോകേണ്ട ആവശ്യമില്ല എന്ന സങ്കുചിത മനോഭാവം ആദ്യം മാറ്റണം. ആരുടെ മുന്നിലും കൈനീട്ടാതെ സ്വന്തം സ്വാഭിമാനം അടിമപ്പെടുത്താതെ ജീവിക്കണം. നമ്മളെ ദ്രോഹിക്കുന്നത് അത് ഭര്‍ത്താവായാല്‍ പോലും വേണ്ട എന്ന് വയ്ക്കുവാനുള്ള ചങ്കൂറ്റമാണ് ഇന്ന് ഓരോ പെണ്‍കുട്ടിക്കും ആവശ്യം. ‘വേണ്ട’ എന്നത് ‘വേണ്ട’ എന്ന് പറയാനുള്ള ധൈര്യം അതാണ് ഈ കാലത്ത് അത്യാവശ്യം.

സ്ത്രീ …ധനം..

നസീറ ഷാജി
കാളിയാര്‍

ഈയടുത്ത ദിവസങ്ങളിലെ ദാരുണമായ വാര്‍ത്തകളാണ് ഇങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് .പുഞ്ചിരിക്കുന്ന ചുണ്ടുകള്‍ക്കു പിന്നിലും എവിടെയോ വേദനയുടെ തിരയിളക്കം .എങ്കിലും അത് ആരും കാണാതെ … അറിയാതെ … അടക്കിപ്പിടിച്ച് ജീവിക്കുന്നു പലരും …

സ്ത്രീധനം എന്ന അലിഖിത നിയമം അനുസരിച്ച് വിവാഹക്കമ്പോളത്തില്‍ പെണ്‍മക്കള്‍ വില്‍പ്പനച്ചരക്കായി മാറുന്നു.സ്ത്രീയാണ് ധനം എന്ന് വാക്കുകളിലും പ്രസംഗങ്ങളിലും ഒതുക്കി ഇത് ഒരു ആചാരമായി കൊണ്ടാടുന്നു .ഉള്ളവര്‍ കൊടുക്കുന്നത് കുറഞ്ഞു പോയാല്‍ അത് നാണക്കേടായും … ഇല്ലാത്തവര്‍ കുറച്ചെങ്കിലും കൊടുക്കാതെ എങ്ങനെ പെണ്‍മക്കളെ കെട്ടിച്ചു വിടും എന്നുള്ള ടെന്‍ഷനിലും.പലരും ലോണും കൊള്ളപ്പലിശയ്ക്ക് പണമെടുത്തുമാണ് മക്കളുടെ കല്യാണം നടത്തുന്നത്.ആഭരണവും വസ്ത്രവും കൂടാതെ ചെറുക്കന്റെ വീട്ടിലെ കല്യാണച്ചെലവിനു വരെ പെണ്‍ വീട്ടുകാര്‍ പണം കൊടുക്കേണ്ട അവസ്ഥ.പരിതാപകരം തന്നെ ഈ സാക്ഷര കേരളത്തിന്റെ സ്ഥിതി.മാറ്റുവിന്‍ ചട്ടങ്ങളേ എന്ന് വിലപിക്കുമ്പോഴും ഇതൊന്നും പെട്ടെന്ന് മാറില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്ണിനോട് ചെറുക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഗള്‍ഫുകാരനോ ബിസിനസുകാരനോ ആണെങ്കില്‍ ഇതിലും നല്ല ബന്ധം കിട്ടുമായിരുന്നു എന്നുള്ള ചെറുക്കന്റേയും വീട്ടുകാരുടേയും കമന്റ് തന്നെ ആ പെണ്ണിന്റെ ആത്മവിശ്വാസം അവിടെ തകര്‍ക്കുകയാണ്.വിവാഹ സമയത്ത് കൊടുക്കുന്നത് പോരാതെ പിന്നെ വീടു വാങ്ങിയാലും വണ്ടി വാങ്ങിയാലും എല്ലാം പെണ്ണിന്റെ വീട്ടില്‍ നിന്നും എന്തെങ്കിലും കിട്ടണം എന്ന മനോഭാവം ആദ്യം മാറണം.രണ്ടു വീട്ടുകാരുടേയും സപ്പോര്‍ട്ടോടുകൂടി ജീവിതം മുന്നോട്ടു പോവുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാവുന്നത്.ഒരായിരം സ്വപ്‌നങ്ങളുമായാണ് എല്ലാവരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നത്.പെട്ടെന്നുള്ള പറിച്ചു നടല്‍ സ്ത്രീയെ സംബന്ധിച്ച് ഒരു തലവേദനയാണെങ്കിലും അവിടെ അവള്‍ വേരോടാന്‍ ശ്രമിക്കും.ഭൂരിഭാഗം പേരും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.എങ്കിലും ഈ ആധുനിക ഹൈടെക് യുഗത്തിലും സ്ത്രീധന മോഹത്തിന് പുറകെ പോയി ജീവിതം തകര്‍ത്തെറിയുമ്പോള്‍, കൂടുമ്പോള്‍ ഇമ്പം കൂടുമെന്ന് ആവര്‍ത്തിച്ച് പറയുന്ന ഈ കുടുംബമെന്ന പൂങ്കാവനത്തില്‍ വിടര്‍ന്നുല്ലസിക്കാന്‍ സമയം കൊടുക്കാതെ ഇതളുകള്‍ അടര്‍ന്നു വാടിക്കരിഞ്ഞു പോകുന്നു. അല്ലെങ്കില്‍ കണ്ണീര്‍ക്കടലില്‍ മുങ്ങിത്താണ്,കദന കഥകളായി കത്തിയമര്‍ന്നു തീരുന്നു. ഇതിനെതിരെ നിയമം ശക്തമാകണം.കാരണം നാമോരോരുത്തരും മക്കളെ വിവാഹം ചെയ്തയക്കുമ്പോള്‍ ശോഭനമായ ഭാവി ജീവിതമാണ് പ്രതീക്ഷിക്കുന്നത്.അല്ലാതെ അടക്കിപ്പിടിച്ച തേങ്ങലുകളും പീഢന കഥകളും അല്ല.ഇനിയാര്‍ക്കും ഇത്തരം ക്രൂരതകള്‍ ചെയ്യാന്‍ തോന്നാത്ത വിധത്തില്‍ നിയമങ്ങള്‍ കര്‍ക്കശമാവണം.കേവലം വരികളിലോ കടലാസുകളിലോ ഒതുങ്ങരുത് നിയമം.നീതിയും നിയമവും എപ്പോഴും സത്യത്തിന്റെ കൂടെയാവണം.

എല്ലാ സ്ത്രീകളും ദേവതകളാണെന്നോ എല്ലാ പുരുഷന്മാരും ചെകുത്താന്മാരാണെന്നോ എനിക്കഭിപ്രായമില്ല.കാരണം രണ്ടിലുമുണ്ട് നല്ലതും ചീത്തയും.മക്കളെ കൊന്നും ഉപേക്ഷിച്ചും ഭര്‍ത്താവറിയാതെ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുന്ന കാണാത്ത കാമുകര്‍ക്കൊപ്പം പോവുന്ന സ്ത്രീകളും നമുക്ക് പരിചിതമാണ്.അതു പോലെ കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയേയും മക്കളേയും ഈ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുന്ന നീച ജന്മങ്ങളുമുണ്ട്.അങ്ങനെ എല്ലാം കൂടിക്കലര്‍ന്ന ഈ സമൂഹത്തില്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുത്ത് സന്മാര്‍ഗ്ഗ ജീവിതം നയിക്കാനുള്ള കരുത്തും വിവേകവും യുവജനത കൈവരിച്ചേ മതിയാവൂ.

സ്ത്രീധനം കൊടുക്കുന്നതിലും വാങ്ങുന്നതിലും മാത്രം പലര്‍ക്കും ജാതി മത ചിന്തയോ രാഷ്ട്രീയമോ ഇല്ല.അല്ലാതെ എന്ത് കാര്യമുണ്ടെങ്കിലും അവിടെ മതവും രാഷ്ട്രീയവും കുത്തി നിറയ്ക്കും.എവിടെയെങ്കിലും എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായിക്കഴിയുമ്പോള്‍ മാത്രം അതിനെ കുറിച്ച് സംസാരിക്കുകയും സ്റ്റാറ്റസ് ഇടുകയും ചെയ്യുന്ന രീതിയിലേക്ക് ഇന്ന് മാറിയിരിക്കുന്നു സമൂഹം.ആ പ്രശ്‌നങ്ങള്‍ക്കൊരു ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്. ഇനി ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍.മറ്റൊരാള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ ആ സ്ഥാനത്ത് നമ്മളായിരുന്നെങ്കിലോ എന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുക.ശാരീരിക ആരോഗ്യവും ഫിറ്റ്‌നെസ്സും മാത്രം വളര്‍ത്തിയെടുക്കുന്ന ഒരു യുവതലമുറയായി മാറാതെ മാനസികമായും ആരോഗ്യവും ഫിറ്റ്‌നെസ്സും നിലനിര്‍ത്താന്‍ ശ്രമിക്കുക.സഹജീവികള്‍ എന്ന പരിഗണന നല്‍കുക.മക്കള്‍ ജനിക്കുമ്പോള്‍ തന്നെ ആണായാലും പെണ്ണായാലും അവര്‍ക്ക് തുല്യ സ്ഥാനവും സ്‌നേഹവും നല്‍കുക.യൂണിറ്റി അവിടെ നിന്നും തന്നെ തുടങ്ങട്ടെ.

സ്ത്രീധനം എന്ന അലിഖിത സമ്പ്രദായത്തില്‍ നിന്നും ..സ്ത്രീ തന്നെ ധനം എന്നുള്ള മഹത്തായ വചനം പോലെ യുവതയുടെ ചിന്തകളും പ്രവര്‍ത്തികളും മാറുമെന്ന പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം നല്ല നാളേയ്ക്കായ്. പണ്ട് മാവേലി നാടു വാണപ്പോള്‍ എല്ലാവരും ഒന്നു പോലെ ഇന്ന് മഹാമാരിയായ കോവിഡ് വന്നപ്പോള്‍ കാഴ്ചയില്‍ എല്ലാവരും ഒരുപോലെയായി മാസ്‌ക് ഒക്കെ വെച്ച് ഇനി സ്ത്രീധനം എന്ന അനാചാരം ഒഴിവായി എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഒരായിരം പൊന്‍പുലരികള്‍ക്കായി നമുക്ക് കാത്തിരിക്കാം


https://www.youtube.com/results?search_query=It’s+snowing+in+Matheran+മതേരാനില്‍+മഞ്ഞുപെയ്യുന്നുണ്ട്‌

3 COMMENTS

  1. നമുക്ക് പ്രത്യാശിക്കാം ചെറിയൊ അ മാറ്റമെങ്കിലും നമ്മിലൂടെ സാധ്യമാക്കാം എന്ന്.

  2. നമുക്ക് പ്രത്യാശിക്കാം ചെറിയൊരു മാറ്റമെങ്കിലും നമ്മിലൂടെ സാധ്യമാക്കാം എന്ന്.

  3. സ്ത്രീധനം ഒരു മഹാ വ്യാധിയാണ്. അതിനേക്കാളുപരി, ചില മനുഷ്യർ മൃഗങ്ങളായിപ്പോകുന്നതും.
    രണ്ടു കാര്യങ്ങൾക്കും മാറ്റം വരണം .

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X